പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ ചെങ്ങോടുമല സംരക്ഷണ സമിതി രൂപീകരിച്ചു. ചെങ്ങോടുമല ക്വാറിവിഷയം ചർച്ച ചെയ്യാൻ 18ന് വിളിച്ച ഗ്രാമസഭ വിജയിപ്പിക്കാനും തീരുമാനിച്ചു. ചെങ്ങോടുമല ഖനനം പ്രത്യക്ഷമായി ബാധിക്കുന്ന പ്രദേശമാണ് 12ാം വാർഡ്. ഇവിടത്തെ പയറ്റാഴിഭാഗത്തുള്ള 300 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്കുള്ള മൂന്ന് പ്രധാന നീരൊഴുക്കുകൾ ഉദ്ഭവിക്കുന്നത് ചെങ്ങോടുമലയിൽ നിന്നാണ്. പാറപൊട്ടിക്കുമ്പോളുള്ള കരിങ്കൽ ചീളുകൾ, പാറപ്പൊടി എന്നിവ വയലിലേക്ക് ഒലിച്ചെത്തുന്നതോടെ വയലുകളും നെൽക്കൃഷിയും ക്രമേണ ഇല്ലാതാകുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പാറ പൊട്ടിച്ച് ചെങ്ങോടുമല ഇല്ലാതാകുന്നതോടെ ഈ ഭാഗത്തേക്കുള്ള നീരൊഴുക്ക് വൻതോതിൽ കുറയും. ഇത് ജല ദൗർലഭ്യത്തിനിടയാക്കുമെന്നും യോഗം വിലയിരുത്തി. പി. കെ. ബാലൻ യോഗം ഉദ്ഘാടനം ചെയ്തു. സി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. ലിനീഷ് നരയംകുളം, എസ്. ശ്യാം കൃഷ്ണ, എസ്. അതുൽ കൃഷ്ണ, അതുൽ സുരേഷ്, പി.സി. ഷിബിൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികൾ: സി. എം. ബിജു (ചെയർമാൻ) എ. കെ. പ്രഭീഷ് (കൺവീനർ) സി. അശോകൻ (ട്രഷറർ) , ഇ.സി. ആദർശ് (വൈസ് ചെയർമാൻ) എൻ. എസ്. ആദർശ് (ജോ: കൺവീനർ)