കോഴിക്കോട്: മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ യുവതീപ്രവേശനത്തിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാൻ ആർ.എസ്.എസ് നീക്കം. തെക്കൻ കേരളത്തിലെ അഞ്ച് വിഭാഗുകളിൽ നിന്ന് ദിവസവും അയ്യായിരത്തോളം സ്വയംസേവകരെ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയുടെ നേതൃത്വത്തിൽ അമ്മമാരെയും ശബരിമലയിലെത്തിക്കും. ചിത്തിര ആട്ടവിശേഷ ദിവസം പ്രക്ഷോഭം ഏകോപിപ്പിച്ച വത്സൻ തില്ലങ്കേരിയെ ഇത്തവണ അയയ്ക്കില്ല. തില്ലങ്കേരിക്ക് വിസൃത പ്രവാസം (സ്വന്തം ജില്ലയ്ക്ക് പുറത്ത് സംഘടനാ പ്രവർത്തനം) നൽകിയിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃതമായി പ്രക്ഷോഭത്തെ മാറ്റാതിരിക്കാനാണ് ഇതെന്നാണ് അറിയുന്നത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആദ്യദിവസങ്ങളിൽ സന്നിധാനത്തുണ്ടാക്കും.
നേതൃത്വം അഞ്ച് വിഭാഗ് പ്രചാരകർക്ക്
ആർ.എസ്.എസിന്റെ തെക്കൻ മേഖലയിലെ അഞ്ച് വിഭാഗിന്റെ ചുമതലയുള്ള പ്രചാരകൻമാരായിരിക്കും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ പ്രക്ഷോഭം നയിക്കുക. മറ്റൊരു പ്രചാരകനെ പത്തനംതിട്ട ജില്ലയിലും നിയോഗിക്കും. തൃപ്തി ദേശായിയുടെ വരവാണ് ആദ്യ വെല്ലുവിളിയെന്നാണ് ആർ.എസ്.എസ് കരുതുന്നത്. ഇവരെ തടയുന്ന കാര്യം ദേശീയ നേതൃത്വവുമായി കേരളത്തിലെ മുതിർന്ന നേതാക്കൾ ആലോചിച്ചു. പൂനെയിൽ നിന്ന് വരുമ്പോൾ തൃപ്തിയെ തടയുന്നതിന്റെ സാദ്ധ്യതയും മഹാരാഷ്ട്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി പൊലീസിനെ കൊണ്ട് കരുതൽ തടങ്കലിൽ വയ്പ്പിക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്.
പൊലീസിന് വെല്ലുവിളി
ആർ.എസ്.എസിന്റെ സംഘടനാ സംവിധാനം ശബരിമലയിൽ പൊലീസിന് കനത്തവെല്ലുവിളിയാകും. ആട്ടചിത്തിരക്ക് സന്നിധാനത്തെ അഞ്ച് സെക്ടറാക്കി തിരിച്ച് പൊലീസ് വിന്യാസം നടത്തിയപ്പോൾ ആർ.എസ്.എസ് ഓരോ സെക്ടറിനെയും മൂന്നായി വിഭജിച്ച് പൊലീസിന്റെ മൂന്നിരട്ടി കേഡർമാരെ വിന്യസിച്ച് പൊലീസിനെ ഞെട്ടിച്ചിരുന്നു.