നാദാപുരം: കഞ്ചാവ് വില്പനക്കിടയിൽ യുവാവിനെ നാദാപുരം എക്‌സൈസ് സംഘം പിടികൂടി. തൊട്ടിൽപ്പാലം കോതോട് സ്വദേശി നിരവുപറമ്പത്ത് സുനിലി(36)നെയാണ് നാദാപുരം എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം തൊട്ടിൽപ്പാലം ബസ് സ്റ്റാൻറിന് സമീപത്തെ ഇടവഴിയിൽ വെച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് ഏഴ് പേക്കറ്റ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. കഞ്ചാവ് കൈവശം വെച്ചതിന് ഇതിന് മുൻപും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.
നാദാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പി.ഷാജി, പ്രമോദ് പുളിക്കൂൽ, കെ.ഷിരാജ്, ടി.രഞ്ജിനി, ഡൈവർ പുഷ്പരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തലശ്ശേരിയിൽ നിന്നും വൻതോതിൽ കൊണ്ടു വരുന്ന കഞ്ചാവ് തൊട്ടിൽപ്പാലം ടൗണിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തുന്നതെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു. ഇയാൾ കുറച്ചു ദിവസങ്ങളായി എക്‌സൈസിൻറെ നിരീക്ഷണത്തിലായിരുന്നു. നാദാപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻറു ചെയ്തു.