സംഘാടകർക്ക് രേഖ ഹാജരാക്കാൻ കഴിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ കമ്മീഷൻ കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. എഗ്രിമെന്റിന്റെ രേഖകളും മറ്റും ഹാജരാക്കാൻ സംഘാടകർക്ക് കഴിയാത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗം 21ന് നടക്കും.
സംഘാടകസമിതി ചെയർമാൻ എം മെഹബൂബ് കൺവീനറായുള്ള ആറംഗസംഘത്തെയാണ് ആരോപണങ്ങൾ അന്വേഷിക്കാൻ തിരഞ്ഞെടുത്തിരുന്നത്. കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ അബ്ദുൾ വഹാബ്, വോളിബാൾ അസോസിയേഷൻ സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് പി. രാജീവൻ, കെ. പ്രദീപൻ നരിപ്പറ്റ, ടി.കെ. രാഘവൻ, കെ.കെ. മൊയ്തീൻ കോയ എന്നിവരാണ് കമ്മറ്റിയിലുള്ളത്. അബ്ദുൾ വഹാബ് നേരത്തെ കമ്മിറ്റിയിൽ നിന്ന് പിൻമാറിയിരുന്നു. സംഘാടകസമിതി ജനറൽ കൺവീനർ പ്രൊഫ. നാലകത്ത് ബഷീർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാപ്പുഹാജി അവതരിപ്പിച്ച വരവുചെലവ് കണക്കും അംഗീകരിക്കാൻ കമ്മിറ്റി അംഗങ്ങൾ തയ്യാറാകാത്തതിനെ തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
ഫെബ്രുവരി 20 മുതൽ 28 വരെ കോഴിക്കോട്ട് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി പിരിച്ചുവിടാൻ ചേർന്ന യോഗത്തിലാണ് ഒരുവിഭാഗം കണക്കിൽ അഴിമതി ആരോപിച്ച് രംഗത്തുവന്നത്. വ ടിക്കറ്റ്വിൽപ്പന സംബന്ധിച്ച് വിശദമായ കണക്ക് വേണമെന്നാണ് പ്രധാന ആവശ്യം.
വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിനുമുമ്പ് കണക്കിന്റെ കോപ്പിപോലും നൽകിയില്ലെന്നാണ് പരാതി. കണക്കിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സംഘാടകസമിതി പിരിച്ചുവിടരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ട്രഷറർ അവതരിപ്പിച്ചിരുന്ന കണക്കിൽ 9.32 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വൻ സ്പോൺസർഷിപ്പും ആയിരങ്ങൾ കളി കാണാനുമെത്തിയ ചാമ്പ്യൻഷിപ്പിന് സാമ്പത്തികനഷ്ടം ഉണ്ടാകില്ലെന്നാണ് എതിർവിഭാഗത്തിന്റെ വാദം.