വടകര:കാൽനട യാത്രക്കാരനായ യുവാവിനെ തടഞ്ഞു നിർത്തി പണവും മൊബൈലും കവർച്ച നടത്തിയ സംഭവത്തിൽ വടകരയിൽ നാലു പേർ അറസ്റ്റിൽ. വടകര മേപ്പയിൽ ജ്യോതിസിൽ കല്ലുനിര പറമ്പത്ത് പ്രവീൺ(23),കല്ലുനിര പറമ്പത്ത് പ്രദീപൻ(27),അടക്കാത്തെരു പുതിയാപ്പിൽ മലയിൽ ഷിജു(27),വടകര റെയിൽവേ സ്റ്റേഷന് സമീപം കയ്യിൽ അരുൺകുമാർ(26)എന്നിവരെയാണ് വടകര സി.ഐ.ടി.മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. വില്യാപ്പള്ളി സ്വദേശിയായ പാറേമ്മൽ അഷറഫിനെ തടഞ്ഞു നിർത്തി 61000 രൂപയും,മൊബൈൽ ഫോണും കവർച്ച നടത്തിയ കേസിലാണ് അറസ്റ്റ്.സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ വടകര ജെ.ടി.റോഡിലെ പെട്രോൾ പമ്പിന് മുൻവശം വെച്ച് തടഞ്ഞു വെച്ച് കൈകൊണ്ടും,മാരകായുധങ്ങൾ കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ച ശേഷം പണവും മൊബൈലും തട്ടിപ്പറിക്കുകയായിരുന്നു. നേരത്തെ അഷ്‌റഫിന്റെ സഹോദരന്റെ വീട്ടിൽ അതിക്രമം നടത്തിയതിന് പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ്.ഐ.ജീവൻ ജോർജ്,എ.എസ്.ഐ മാരായ സി.എച്ച്.ഗംഗാധരൻ,കെ.പി.രാജീവൻ,സി.പി.ഒ മാരായ വി.വി.ഷാജി,അജേഷ് എന്നിവരും ഉണ്ടായിരുന്നു. പടം:പ്രതികളായ അരുൺ കുമാർ,പ്രവീൺ,പ്രദീപൻ,ഷിജു