വടുവൻചാൽ: വയനാട് ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ അപ്രതീക്ഷമായി പ്രഖ്യാപിച്ച ഹർത്താൽ കാരണം പാഴായി പോയത് രണ്ടായിരത്തിയഞ്ഞൂറ് പേരുടെ ഭക്ഷണം.കലോത്സവത്തിന്റെ ആദ്യ ദിവസം തന്നെ ഭക്ഷണത്തിന്റെ കുറവ് മൂലം നേരിയ സംഘർഷമുണ്ടായിരുന്നു. അതിനെ തുടർന്ന് സംഘാടകർ അതിരാവിലെ തന്നെ ഭക്ഷണങ്ങളെല്ലാം തയ്യാറാക്കി. ഉണ്ടാക്കി വച്ച ഭക്ഷണങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി.ഇന്നലെ പുലർച്ചയോടെ തന്നെ പായസം ഒഴികെ എല്ലാ ഭക്ഷണ സാധനങ്ങളും തയ്യാറാക്കിയിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഒാഫീസർ ഹണി കുര്യാക്കോസ് പറഞ്ഞു.നമ്പിക്കൊല്ലി സ്വദേശിയായ കെ.വി. ബാലകൃഷ്ണനാണ് ഇത്തവണയും കലോത്സവ നഗരിയിൽ ഇത്രയും പേർക്ക് ഭക്ഷണം ഒരുക്കുന്നത്. അതും പ്രതിഫലമൊന്നും വാങ്ങാതെ.കഴിഞ്ഞ നാല് വർഷമായി കെ.വി. ബാലകൃഷ്ണൻ എന്ന ബാലേട്ടനാണ് ഭക്ഷണം ഒരുക്കുന്നതും. സഹായത്തിന് നാല് പേർ കൂടെയുണ്ട്.സംഘാടക സമിതി എന്താണോ തരുന്നത് അത് രണ്ട് കൈയും നീട്ടി വാങ്ങുകയാണ് സഹായികളുടെ നയം.നാട്ടുകാരുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വളണ്ടിയർമാരുടെയും സഹായത്തോടെയാണ് ഇത്രയും പേർക്കുളള ഭക്ഷണം രാത്രി ഉറക്കമൊഴിച്ച് പാചകം ചെയ്തത്. നേരം പുലർന്നപ്പോഴാണ് അറിഞ്ഞത് ഇന്നലെ ഹർത്താലാണെന്ന്. വിശ്രമമില്ലാതെ ഇതിനായി ആത്മാർത്ഥമായി പ്രവർത്തിച്ചവർ എല്ലാം കൊണ്ടും ഞെട്ടി.വലിയൊരു സാമ്പത്തിക ബാദ്ധ്യതയാണ് ഇൗ ഇനത്തിൽ മാത്രം ഉണ്ടായതു്.