football

കോഴിക്കോട്: ഐ ലീഗിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്.സി ഇന്നിറങ്ങും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബിനെയാണ് മലബാറിയൻസ് നേരിടുക.

കഴിഞ്ഞ മത്സരത്തിൽ ഷില്ലോംഗ് ലജോംഗ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ചാമ്പ്യൻമാരെ നേരിടാനൊരുങ്ങുന്നത്. നാല് കളികളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അഞ്ച്പോയിന്റുള്ള ഗോകുലം പട്ടികയിൽ അഞ്ചാമതാണ്. മൂന്ന് കളികളിൽ നിന്നായി ഓരോ വിജയവും സമനിലയും തോൽവിയുമുള്ള മിനർവ ഏഴാമതാണ് . സ്വന്തം ഗ്രൗണ്ടിൽ വിജയം തുടരാനാണ് ഗോകുലത്തിന്റെ ലക്ഷ്യം. പനി ബാധിച്ച് കഴിഞ്ഞ കളിയിൽ പുറത്തിരുന്ന അർജുൻ ജയരാജ് തിരിച്ചെത്തുന്നതോടെ ഗോകുലത്തിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂടും. അതേ സമയം ജയത്തോടെ പോയിന്റ് പട്ടികയിൽ ആദ്യ അഞ്ചിൽ എത്താനാണ് ചാമ്പ്യൻമാർ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഐസ്വാൾ എഫ്.സിയെ തോൽപ്പിച്ച മിനർവ വിജയപാതയിലാണ്.
ഇതുവരെ മൂന്ന് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. ഷില്ലോംഗിനെതിരെ പുറത്തെടുത്ത ഒത്തിണക്കം തുടർന്നാൽ ഗോകുലത്തിന് മികച്ച സാധ്യതയാണുള്ളത്. അന്റോണിയോ ജർമൻ ഫിനിഷിംഗിൽ പരാജയപ്പെടുന്നതാണ് ഗോകുലത്തിന്റെ വലിയ പ്രതിസന്ധി. മുന്നേറ്റനിരയിൽ വി.പി.സുഹൈറും എസ്.രാജേഷും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഗനി അഹമ്മദിനൊപ്പം അർജുൻകൂടി ചേരുന്നതോടെ മുന്നേറ്റനിര കരുത്തുറ്റതാകും . മധ്യനിരയിൽ ബ്രസീലിയൻ താരം കാസ്ട്രോ നിറഞ്ഞു കളിക്കുന്നുണ്ട്. ഡാനിയേൽ അഡു നയിക്കുന്ന പ്രതിരോധ നിരയിൽ കാര്യമായ പ്രശ്നം ഇപ്പോഴില്ല. ഗോളി ഷിബിൻലാൽ മികച്ച ഫോമിലാണ്. നായകൻ മൂസ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന കാര്യം വ്യക്തമായിട്ടില്ല.