കൽപ്പറ്റ:ജില്ലയിലെ നാട്ടാനകളുടെ കണക്കെടുപ്പ് നവംബർ 22ന് നടക്കും. ഇതിനായി മൂന്നംഗ ടീമിനേയും നിയോഗിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കെടുപ്പും തിരിച്ചറിയിലും നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2018 നവംബർ 22ന് കണക്കെടുപ്പ് പൂർത്തീകരിക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾ, പരിസ്ഥിതി-സന്നദ്ധ സംഘടനാപ്രവർത്തകർ, പൊതുപ്രവർത്തകർ, വെറ്റനറി - വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടാനകളുടെ കണക്കെടുപ്പ്.
ജില്ലയിൽ പ്രധാനമായും സ്ഥിരമായുള്ള ആനകളുടേയും ജില്ലയിലേക്ക് കൊണ്ടുവന്ന ആനകളുടേയും മുത്തങ്ങ ക്യാമ്പിലുള്ള ആനകളുടേയും കണക്കെടുപ്പാണ് നവംബർ 22ന് പൂർത്തിയാക്കുക. ജില്ലയിലേക്ക് നാട്ടാനകളെ കടത്തിക്കൊണ്ടു വരുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിച്ചറിയിക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ - 04936 203848.