കൽപ്പറ്റ:വയനാട് വിഷൻ റിപ്പോർട്ടർക്കുനേരെ ഹർത്താലനുകൂലികളുടെ കയ്യേറ്റശ്രമം.വയനാട് വിഷൻ പടിഞ്ഞാറത്തറ റിപ്പോർട്ടർ സിജു സാമുവലിനു നേരെയാണ് കാവുമന്ദത്ത് വെച്ച് കയ്യേറ്റശ്രമമുണ്ടായത്.പടിഞ്ഞാറത്തറയിൽ നടന്ന ഹർത്താൽ അനുകൂല പ്രതിഷേധ പരിപാടികൾ ചിത്രീകരിച്ചതിന് ശേഷം കൽപ്പറ്റയിലേക്ക് വരുന്ന വഴിയാണ് കാവുമന്ദത്ത് വെച്ച് 30 ഓളം പേരടങ്ങുന്ന സംഘം സിജുവിനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്തത്. സിജുവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും നേരെത്തെ ചിത്രീകരിച്ച പ്രതിഷേധ പരിപാടികളുടേതടക്കം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.ഇതിനിടെ സിജുവിനെ കയ്യേറ്റം ചെയ്യുന്നത് ചിത്രീകരിച്ച സുഹൃത്തിന്റെ മൊബൈൽ പിടിച്ചുവാങ്ങി നിലത്തെറിയുകയും ബലമായി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.സിജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും കേട്ടാലറയ്ക്കുന്ന വിധം അസഭ്യം പറയുകയും ചെയ്തു.തങ്ങളെ തല്ലിയത് ചാനലിൽ വിളിച്ച് പറയണമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.സംഘത്തിലുണ്ടായിരുന്നത് ബിജെപി,ആർഎസ്എസ്,യുവമോർച്ച പ്രവർത്തകരായിരുന്നുപോലീസ് എത്തിയാണ് സിജുവിനെയും സുഹൃത്തിനെയും രക്ഷപെടുത്തിയത്.അകാരണമായി പ്രദേശിക മാദ്ധ്യമ പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.വയനാട് വിഷൻ റിപ്പോർട്ടർക്ക് നേരെയുണ്ടായ അക്രമണം പ്രതിഷോധാർഹമെന്ന് എംഎൽഎ സി.കെ ശശീന്ദ്രനും റിപ്പോർട്ടർക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ കാടത്തമെന്ന് കെപിസിസി കെ.എൽ പൗലോസും മാദ്ധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമ സംഭവങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറും പറഞ്ഞു.സംഭവത്തിൽ വയനാട് പ്രസ് ക്ളബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി, സെക്രട്ടറി പി.ഒ. ഷീജ എന്നിവർ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.