 കെ.എസ്.ആർ.ടി.സി 12 സർവീസുകൾ നടത്തി  വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട്: ഹിന്ദുഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയും ശബരിമല കർമസമിതിയും പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ പൂർണം. ഹർത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നഗരത്തിലും ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ നാമജപയാത്രയും നടന്നു. നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ബസിന് നേരെയും മറ്റു വാഹനങ്ങൾക്കു നേരെയും കല്ലേറുണ്ടായി. രാവിലെ പാലക്കാട് നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെയും കല്ലേറുണ്ടായി. ഫറോക്ക് പൊലീസ് പരിധിയിലാണ് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു.

കുന്ദമംഗലം ഓവുങ്ങലിൽ കാറിനുനേരയും രാമനാട്ടുകരയിൽ ഗുഡ്‌​സ് ഓട്ടോയ്ക്കുനേരയെും ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. കോഴിക്കോട് റെയിൽവേസ്‌​റ്റേഷനു സമീപവും ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഹർത്താലനുകൂലികൾ തടഞ്ഞിരുന്നു. അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് അക്രമികളെ ഓടിച്ചത്.

പുലർച്ചെ പ്രഖ്യാപിച്ചതിനാൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. സ്വകാര്യ ബസുകളും ടാക്‌​സികളും സർവീസ് നടത്തിയിരുന്നില്ല.

ഹർത്താലിന്റെ ഭാഗമായി നഗര, ഗ്രാമപ്രദേശങ്ങളിലെ കട കമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. വിവിധ സ്ഥലങ്ങളിലേക്കും ജോലിയ്ക്കും പോവേണ്ടവർ രാവിലെയാണ് ഹർത്താൽ വിവരം അറിയുന്നത്. ഇതോടെ ഗതാഗതത്തിന് മറ്റു മാർഗങ്ങളില്ലാതെ പലരും കുടുങ്ങി. പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയത് മാത്രമാണ് യാത്രക്കാർക്ക് ആശ്വാസമായത്. കോഴിക്കോട് നിന്ന് രാവിലെ 12 സർവീസുകളാണ് പൊലീസ് അകമ്പടിയിൽ നടത്തിയത്. ബംഗളുരു, മൈസൂർ, വയനാട്, തൃശൂർ എന്നിവിടങ്ങളിലേക്കായിരുന്നു രാവിലെ ഏഴരയോടെ സർവീസ് നടത്തിയിരുന്നത്. അതേസമയം കർണാടക ആർ.ടി.സിയുടെ സർവീസുകൾ നിലച്ചു. കർണാടകയിൽ നിന്നും കോഴിക്കോടേക്കും കോഴിക്കോട് നിന്ന് തിരിച്ചും ഒരു ബസുപോലും സർവീസ് നടത്തിയിരുന്നില്ല.
ഹർത്താലിനോടുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലയിലെ പ്രധാന മേഖലകളിലെങ്ങും ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കെ.എസ്.ആർ.ടി.സി, റെയിൽവേസ്‌​റ്റേഷൻ , മൊഫ്യൂസിൽ ബസ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് നിലയുറപ്പിച്ചിരുന്നു. സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിൽ ഇരുചക്രവാഹനങ്ങളിലാണ് പല ജീവനക്കാരുമെത്തിയത്. ബസുകളെ ആശ്രയിക്കുന്നവർ ഇന്നലെ ഓഫീസുകളിലെത്തിയിരുന്നില്ല. സ്വകാര്യ സ്ഥാപനങ്ങളിലേറെയും തുറന്നു പ്രവർത്തിച്ചില്ല. തുറന്നു പ്രവർത്തിച്ച സർക്കാർ ഓഫീസുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതേസമയം തുറന്നുപ്രവർത്തിച്ച ബാങ്കുകൾക്ക് നേരരെ ഹർത്താലനുകൂലികൾ പ്രതിഷേധവുമായെത്തിയിരുന്നു. വൈ.എം.സി.എ റോഡിലെ ബാങ്കാണ് ഹർത്താനുകൂലികളെത്തി അടപ്പിച്ചത്.
നഗരത്തിലെ വ്യാപാരസ്ഥിരാകേന്ദ്രമായ മിഠായിതെരുവിലെ കടകളൊന്നും തുറന്നിരുന്നില്ല. മാവൂർറോഡ്, മൊഫ്യൂസിയൽ ബസ്റ്റാൻഡ് എന്നിവിടങ്ങളിലും കടകൾ ഒന്നും തുറന്നു പ്രവർത്തിച്ചിരുന്നില്ല. നഗരത്തിൽ ചില മെസ് ഹൗസുകൾ രാവിലെ തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും ഹർത്താലനുകൂലികളെത്തി അടപ്പിച്ചു. നഗരത്തിലെത്തിയവർക്ക് ആശുപത്രി കാന്റീനുകളും തെരുവോരത്തെ ഇളനീർ കച്ചവടക്കാരുമാണ് ആശ്വാസമേകിയത്. റെയിൽവേസ്‌​റ്റേഷനിലും ഹർത്താലിനോടനുബന്ധിച്ച് തിരക്ക് കുറവായിരുന്നു. ട്രെയിനുകളിൽ വന്നിറങ്ങിയ യാത്രക്കാരെ പൊലീസുകാരാണ് വിവിധ സ്ഥലങ്ങളിലെത്തിച്ചത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണിവരെയുള്ള ഹർത്താലിൽ ഇരുചക്രവാഹനങ്ങളായിരുന്നു കൂടുതലായും നിരത്തിലിറങ്ങിയത്. എയർപോർട്ട്, വിവാഹം, ആശുപത്രി എന്നീ ബോർഡുകളുമായിട്ടായിരുന്നു സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത്.