കോഴിക്കോട്: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് ശബരിമല കർമ്മസമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയുംനേതൃത്വത്തിൽ നഗരത്തിൽ നാമജപയാത്രകൾ നടത്തി. റെയിൽവെ സ്റ്റേഷൻ ലിങ്ക്‌റോഡ്, കല്ലായി, എരഞ്ഞിപ്പാലം,കോട്ടൂളി മാടക്കുനിക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രകൾ മാനാഞ്ചിറ കിഡ്‌​സൺകോർണറിൽ സംഗമിച്ചു.

തുടർന്ന് നടന്ന പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രഹന ഫാത്തിമയെപ്പോലുള്ള അഴിഞ്ഞാട്ടക്കാരികൾക്ക് കുപ്പായം വരെ നൽകി സഹായിക്കുന്ന പൊലീസ് ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ അറസ്റ്റ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൊപ്പിയുടെ മുകളിൽ അരിവാൾ ചുറ്റികനക്ഷത്രമല്ലെന്നും മറിച്ച് അശോകസ്തംഭമാണുള്ളതെന്നും പൊലീസുദ്യോഗസ്ഥർ ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പി.സി.കൃഷ്ണവർമ്മരാജ, മത്സ്യപ്രവർത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പത്തരയോടെ തുടങ്ങിയ യാത്രകൾ 11 മണിയ്ക്കാണ് മാനാഞ്ചിറയിലെത്തിച്ചേർന്നത്. യോഗം പിരിഞ്ഞതിനുശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമാണ് എൽ.ഐ.സികോർണർ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. യോഗം നടക്കുന്നതിനിടെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെ മാനാഞ്ചിറ കിഡ്‌​സൺകോർണർ ഭാഗത്തേക്ക് പ്രവേശിച്ചത് സംഘർഷ സാധ്യത സൃഷ്ടിച്ചു. ഹർത്താലനുകൂലികൾ പ്രതിഷേധവുമായി അടുത്തെങ്കിലും പൊലീസ് ഇടപെട്ട് വാഹനങ്ങൾ സി.എച്ച്.ഓവർബ്രിഡ്ജിന് താഴെ ഭാഗത്തൂകൂടെ കണ്ണൂർറോഡിലേക്ക് തിരിച്ചുവിട്ടു.