പേരാമ്പ്ര: മലബാറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിൽ എത്തുന്നവരെ അധികൃതർ അവഗണിക്കുന്നതായി പരാതി ശക്തമാവുന്നു. കേന്ദ്രത്തിലെത്തുന്ന നൂറു കണക്കിന് വിനോദസഞ്ചാരികൾ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശരാണ്. മേഖലയിൽ പ്രവർത്തിച്ച ഏക ഭക്ഷണശാല പൂട്ടിയത് കാരണം ഇവിടെയെത്തുന്നവർ ചില്ലറ ദ്ധിമുട്ടല്ല അനുഭവിക്കുന്നത്. മേഖലയിൽ ഭക്ഷണശാല ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ് .ഭക്ഷണശാലയില്ലാതായതോടെ ഇവിടെ എത്തുന്നവർ പൊതിച്ചോർ കരുതേണ്ട അവസ്ഥയാണ്. വർഷം തോറും ലേലത്തിൽ പിടിക്കുന്നവരാണ് നിലവിലുള്ള കാൻറീന്റെ നടത്തിപ്പ്. കാലാവധി കഴിഞ്ഞതിനാൽ നടത്തിക്കൊണ്ടിരുന്നവർ പ്രവർത്തനം നിർത്തി. പുതിയ ലേലം വെച്ചിട്ടുഏറ്റെടുക്കാൻ ആളെ കിട്ടുന്നില്ല. ഉയർന്ന നിരക്കിലുള്ള ലേല തുക നിശ്ചയിച്ചിരിക്കുന്നതാണ് ഇതിന് കാരണം. കുറ്റ്യാടി ജലസേചന വകുപ്പധികൃതരാണ് ടൂറിസ്റ്റു കേന്ദ്രത്തിന്റെ മൊത്തം അധികൃതർ . ഡാം പരിസരം സർക്കാർ സ്ഥലമായതിനാൽ സ്വകാര്യ സംരംഭകർക്ക് പെരുവണ്ണാമൂഴിയുമായി ബന്ധപ്പെട്ട് ഭക്ഷണ ശാലകൾ ആരംഭിക്കാനാവുകയുമില്ല. നിത്യവും ധാരാളം സന്ദർശകർ എത്തുന്ന കേന്ദ്രമാണിത് . പെരുവണ്ണാമൂഴി ഡാം കൂടാതെ മുതലവളർത്തുകേന്ദ്രം, വന്യ ജീവി സംരക്ഷണ കേന്ദ്രം, കൃഷി വിജ്ഞാന കേന്ദ്രം, ജില്ലാ കൃഷിഫാം, മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവ വിനോദയാത്രികരെ ആകർഷിക്കുന്ന ഘടകങ്ങളാണ് .
അവധിക്കാലത്തും , ഉത്സവകാലത്തും വിദ്യാർത്ഥികളുൾപെടെ നിരവധി വിനോദയാത്രകരാണ് ഇവിടെ എത്തുന്നത് .വിപുലമായ വികസന സാധ്യതയുള്ള ഇവിടെ അധികൃതരുടെ നിലപാടാണ് കേന്ദ്രത്തിന്റെ അധോഗതിക്കു കാരണമാകുന്നതെന്ന് പരാതിയുണ്ട്. മന്ത്രിമാരും മററ് അധികൃതരും ഇവിടെ തമ്പടിച്ചു പെരുവണ്ണാമൂഴിയുടെ വികസനത്തെക്കുറിച്ച് ആലോചനയും ചർച്ചയും നടത്തിയിട്ടുണ്ടെങ്കിലും വികസനമെത്തുന്നില്ലെന്നാണ് ആരോപണം. യാത്രികർക്ക് ആവശ്യമായ കുടി വെള്ളമോ പ്രധാന കേന്ദ്രങ്ങളിൽ വെളിച്ചമോ ഒരുക്കാൻ അധികൃതർക്ക് കഴിയുന്നില്ല.