പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിന് പുറമെ കായണ്ണ ഗ്രാമ പഞ്ചായത്തിലും ചെങ്ങോടുമല കരിങ്കൽ ഖനനത്തിനെതിരെയുളള പ്രതിഷേധം ശക്തമാവുന്നു. കായണ്ണ ഗ്രാമ പഞ്ചായത്ത് 12 ാം വാർഡ് ഗ്രാമസഭയിൽ ചെങ്ങോടുമലയിലെ ഖനനത്തിനെതിരെ അവതരിപ്പിച്ച പ്രമേയം എതിരില്ലാതെ അംഗീകരിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ഗ്രാമസഭയിൽ പങ്കെടുക്കാൻ ഞായറാഴ്ച്ച കാലത്തു തന്നെ നമ്പ്രത്തുമ്മൽ യമുന അംഗൻവാടിയിലെത്തിയിരുന്നു. കായണ്ണ ഗ്രാമ പഞ്ചായത്തിലെ പയറ്റാഴിഭാഗത്തുള്ള 300 ഏക്കറോളം വരുന്ന പാടശേഖരത്തിലേക്കുള്ള മൂന്ന് പ്രധാന നീരൊഴുക്കുകൾ ഉത്ഭവിക്കുന്നത് ചെങ്ങോടുമലയിൽ നിന്നാണ്. പാറപൊട്ടിക്കുമ്പോളുള്ള കരിങ്കൽ ചീളുകൾ, പാറപ്പൊടി എന്നിവ വയലിലേക്ക് ഒലിച്ചെത്തുന്നതോടെ വയലുകളും നെൽക്കൃഷിയും ക്രമേണ ഇല്ലാതാകും. പാറ പൊട്ടിച്ച് ചെങ്ങോട് മല ഇല്ലാതാകുന്നതോടെ ഈ ഭാഗത്തേക്കുള്ള നീരൊഴുക്ക് വൻതോതിൽ കുറയും. അതുകൊണ്ട് ഒരു കാരണവശാലും ചെങ്ങോടുമലയിൽ ഖനനം അനുവദിക്കരുതെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ അദ്ധ്യക്ഷത വഹിച്ചു. സി.എം ബിജു പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ. എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രമേയം പാസായതിനെ തുടർന്ന് സമരസമിതി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ലിനീഷ് നരയംകുളം, എ.കെ. പ്രഭീഷ്, ടി. എം. രാജേഷ്, ടി. കെ. പ്രബീഷ്, ബിജു കുനിയിൽ, ആദർശ് ശശി, സുരേഷ് ചീനിക്കൽ, ടി. പി. സുധീഷ് എന്നിവർ നേതൃത്വം നൽകി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലെ ഗ്രാമസഭ നേരത്തെ ക്വാറിവിരുദ്ധ പ്രമേയം പാസാക്കിയിരുന്നു.