കൊയിലാണ്ടി : മോട്ടോർ വാഹന വകുപ്പ് വിവിധ സംഘടനകളുടെയും പൊലീസിന്റെയും സഹകരണത്തോടെ റോഡപകടങ്ങളിൽ മരണപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗം ജോ.ആർ.ടി.ഒ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. എസ്.ഐ. സജുഎബ്രഹാം, എം.കെ.സുരേഷ് ബാബു, പി.സുനിൽ കുമാർ, ടി.കെ.ദാസൻ, ഹനീഷ് ദാസ്, എം.വി.ഐ.മാരായ ധനേഷ് കുമാർ, സുജിത്ത് വി.കണ്ണൻ, ഇ.എസ്.ബിജോയ്, സനൽ കുമാർ എന്നിവർ സംസാരിച്ചു. അപകടങ്ങൾ കുറക്കുന്നതിന് വേഗത നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും മൊബൈൽ ഫോൺ ഉപയോഗിച്ചും മദ്യപിച്ചും ഉള്ള ഡ്രെെവിങ്ങും ഒഴിവാക്കണമെന്നും മോട്ടോർ സൈക്കിളുകളിൽ ഹെൽമറ്റ് നിർബന്ധമാക്കണമെന്നും അതുവഴി റോഡുകൾ അപകടരഹിതമാവണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.