കോഴിക്കോട്: കളം നിറഞ്ഞ സുന്ദരനീക്കങ്ങളും രാജേഷ് പറന്ന് നേടിയ ഗോളും ആവേശം ഉയർത്തിയ കാൽലക്ഷത്തിലധികം
ആരാധകരും ധന്യമാക്കിയ കോഴിക്കോടൻ രാവിൽ ചാമ്പ്യൻമാരെ തകർത്ത് ഗോകുലം കേരള എഫ്.സിയുടെ വിജയഗാഥ. എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ മലബാറിയൻസ് തകർത്തത്. തിരുവനന്തപുരത്തുകാരൻ എസ്. രാജേഷാണ് ഗോൾ നേടിയത്.
തുടർച്ചയായ രണ്ടാം ജയത്തോടെ അഞ്ച് കളികളിൽ നിന്ന് എട്ട് പോയന്റ് സ്വന്തമാക്കിയ ഗോകുലം ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. നാല് കളികളിൽ നിന്ന് നാല് പോയന്റ് മാത്രമുള്ള ചാമ്പ്യന്മാർ ഏഴാമതാണ്.
60-ാം മിനിട്ടിൽ സുന്ദരമായ മുന്നേറ്റത്തിനൊടുവിലാണ് രാജേഷിലൂടെ ഗോകുലം ഗോൾ കണ്ടെത്തിയത്. കാസ്ട്രോ നൽകിയ പാസ് ഗനി അഹമ്മദ് സുഹൈറിന് കൈമാറി. സുഹൈറിൽ നിന്ന് ബാൾ വീണ്ടും ഗനി യിലേക്ക്. ഗനിയുടെ ക്രോസ് പറന്നെത്തിയ രാജേഷ് ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. തിരുവനന്തപുരത്തുകാരന്റെ ഐ ലീഗിലെ രണ്ടാം ഗോളാണിത്. രാജേഷാണ് കളിയിലെ താരം.
മിനർവയുടെ മുന്നേറ്റത്തോടെയാണ് കളി ആരംഭിച്ചത്. നൈജീരിയൻ സ്ട്രൈക്കർ ജോസഫ് ഒഡെഫയുടെ നേതൃത്വത്തിത് ആദ്യ മിനിട്ടിൽ തന്നെ പഞ്ചാബി ടീം ഗോകുലത്തിന്റെ ഗോൾ മുഖം ആക്രമിച്ചു. എന്നാൽ ഏഴാം മിനിട്ടിൽ ഗോകുലം ഗോളിന് അടുത്തെത്തി. അഭിഷേക് ദാസിന്റെ മികച്ച ക്രോസ് സ്വീകരിക്കാൻ ആരും ഉണ്ടായില്ല. കുറിയ പാസുകളിലൂടെ മുന്നേറിയ ഗോകുലം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 14-ാം മിനിട്ടിൽ ഫിലിപ്പെ കാസ്ട്രോ എടുത്ത ഫ്രീക്കിൽ നിന്ന് ലഭിച്ച അവസരം രാജേഷിന് ഗോളിലേക്ക് തിരിച്ചുവിടാനായില്ല.
34-ാം മിനിട്ടിൽ വലത് വിങ്ങിലൂടെ മുന്നേറിയ ജർമൻ തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നത് ആരാധകരെ നിരാശരാക്കി.
37-ാം മിനിട്ടിൽ മിനർവൻ താരം
ഒഡാഫെയുടെ ഗോളിലേക്കുള്ള കുതിപ്പ് അഭിഷേക് ദാസ് പെനാൽറ്റി ബോക്സിൽ
തടുത്തു. 44-ാം മിനിട്ടിൽ ഹെഡറിലൂടെ ഒഡാഫെ ഗോകുലത്തെ വീണ്ടും വിറപ്പിച്ചു.
രണ്ടാം പകുതിയിൽ ഗോകുലം തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു.
76 മിനിട്ടിൽ ജർമൻ സൃഷ്ടിച്ച അവസരം ഗോളാക്കാൻ പ്രീതം സിംഗിന് സാധിച്ചില്ല. ദുർബലമായ ഷോട്ട് ഗോളി തട്ടിത്തെറിപ്പിച്ചു.
ക്യാപ്ടൻ മുഡെ മൂസയ്ക്ക് പകരം ഷിബിൻ രാജാണ് ഗോകുലത്തെ നയിച്ചത്. പരിചയസമ്പന്നനും പ്രധാന സ്ട്രൈക്കറുമായ ജർമനെ മധ്യനിരയിൽ കളിപ്പിച്ചത് ഗോകുലത്തിന് ഏറെ ഗുണം ചെയ്തു. കളം നിറഞ്ഞ അഭിഷേക് ദാസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
# ഫ്ലഡ് ലൈറ്റ് പണിമുടക്കി
20 മിനിട്ടിൽ ഫ്ലഡ് ലൈറ്റ് ഒഫ് ആയതിനാൽ 20 മിനിട്ട് മത്സരം തടസപ്പെട്ടു.