pinaraivijayan
പിണറായി വിജയൻ

കോഴിക്കോട്: വിശ്വാസികൾക്ക് സമാധാനത്തോടെയും ശാന്തിയോടെയും ദർശനം സാദ്ധ്യമാക്കാനാണ് ശബരിമലയിൽ പൊലീസ് നടപടി സ്വീകരിച്ചതെന്നും മനപൂർവം പ്രശ്നമുണ്ടാക്കിയവരെയാണെന്ന് അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ട് കേരള പത്രപ്രവർത്തക യൂണിയൻ ( കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ ആർ.എസ്.എസ് സംഘമാണ് സംഘർഷം ഉണ്ടാക്കിയത്. അവർ അയ്യപ്പ ഭക്തരായിരുന്നില്ല. ചിത്തിര ആട്ടവിശേഷത്തിനും തുലാം മാസ പൂജ സമയത്തും ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇവർതന്നെയാണ്. കഴിഞ്ഞ ദിവസം ഒരു ജില്ലയിൽനിന്ന് സംഘടിച്ച് എത്തുകയായിരുന്നു.

സർക്കാരിന് പിടിവാശി ഇല്ല. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് നിരന്തരം വരുന്നുണ്ട്.

സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെതന്നെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാനാകൂ. എന്നാൽ, കുറേ സ്ത്രീകളെ അണിനിരത്തി വിധി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. നാടിന്റെ മാറ്റത്തിന് ഒരുകൂട്ടർ ഒഴികെ മറ്റെല്ലാവർക്കും പങ്കുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ദേശീയ പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമെല്ലാം കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. മാറ്റത്തിൽ പങ്കില്ലാത്തവർ ചാതുർവർണ്യത്തിലായിരുന്നു വിശ്വസിച്ചിരുന്നത്. അവരാണ് കേരളത്തെ പിറകോട്ട് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആചാരം മാറിയാൽ കുറ്റമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദുരാചാരത്തിന് ഇരയായവരെ യാഥാസ്ഥിതികർ കൂടെ കൂട്ടിയത്. മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് മാറു മറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾ തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്ന് ധരിച്ചാൽ അത് എവിടെ ചെന്നെത്തുമെന്ന് അദ്ദേഹം ചോദിച്ചു.