തലപ്പുഴ: മഞ്ഞപ്പിത്തം ബാധിച്ച വിദ്യാത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ചതായി ആരോപിച്ച് യു. ഡി.എസ്.എഫ് വിദ്യാർത്ഥികൾ വയനാട് ഗവ: എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ കെ.എം അബ്ദുൽ ഹമീദിനെ ഉപരോധിച്ചു.
കോളേജിൽ ഒന്നര മാസത്തിനുള്ളിൽ
നാനൂറോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇപ്പോഴും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികളിൽ രോഗബാധ കണ്ടെത്തിയിരുന്നു.
മഞ്ഞപ്പിത്തം പിടിപെട്ട വിദ്യാർത്ഥികൾ രോഗം മാറുന്നത് വരെ കോളേജിൽ വരരുത് എന്ന് ആരോഗ്യ വകുപ്പും കോളേജ് അധികൃതരും നേരത്തേ നിർദ്ദേശിച്ചിരുന്നു.
ഇങ്ങനെ കോളേജിൽ വരാൻ സാധിക്കാത്ത വിദ്യാത്ഥികൾക്ക് ഇപ്പോൾ പരീക്ഷ എഴുതാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ വേണ്ട നടപടികൾ കോളേജ് അധികാരികൾ നിഷേധിക്കുന്നതിനെതിരെയായിരുന്നു ഉപരോധം.

ഒരു മാസം മുൻപ് റിപ്പോർട്ട് ചെയ്ത മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

മഞ്ഞപ്പിത്തം പിടിപ്പട്ട വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി പരീക്ഷ എഴുതാനുള്ള അറ്റൻറ്റൻസും ഇന്റേണലും
ലഭിക്കാൻ വേണ്ട നടപടി കോളേജ് അധികൃതർ കൈകൊള്ളുന്നില്ലെന്ന് യു.ഡി.എസ് .എഫ്
നേതാക്കൾ പറഞ്ഞു.

യു.ഡി.എസ്.എഫ്. ചെയർമാൻ ജസീം ഇസ്മായിൽ ഉപരോധത്തിന് നേതൃത്വം നൽകി. രാവിലെ 11.30 മണിക്ക് തുടങ്ങിയ ഉപരോധസമരം ചർച്ചയെ തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിപ്പിച്ചു.
ബുധനാഴ്ച കോളേജ് കൗൺസിൽ യോഗം ചേർന്ന് വിദ്യാത്ഥികൾക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന ചെയർമാന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്‌.