മാനന്തവാടി:മാനന്തവാടിയിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിക്ക് ഇനി ഗന്ധകശാലയുടെ സുഗന്ധം. വയനാട്ടിൽ നിന്ന് പോലും അന്യമായിക്കൊണ്ടിരിക്കുന്ന ഒൗഷധ ഗുണമുളള ഗന്ധകശാല നെല്ലാണ് മാനന്തവാടി നഗരത്തിലെ സോളിഡാരിറ്റി വക കെട്ടിടത്തിലെ നടുത്തളത്തിൽ സുഗന്ധം ചൊരിയുന്നത്.
വയനാട്ടിൽ തിരുനെല്ലി, അപ്പപ്പാറ, ചേകാടി എന്നിവിടങ്ങളിൽ ചെട്ടിമാർ ഉൾപ്പെടെ ചുരുക്കം ചിലർ മാത്രമെ ഇപ്പോൾ ഗന്ധകശാല കൃഷി ചെയ്യുന്നുളളു. അതും ജൈവ കൃഷി മാത്രം. വയൽനാടായ വയനാടൻ മണ്ണിൽ നിന്ന് അന്യംനിന്നു കൊണ്ടിരിക്കുന്ന ഗന്ധകശാല സോളിഡാരിറ്റി വക കെട്ടിടത്തിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിക്ക് മുന്നിൽ കൃഷി ചെയ്തത് കാണാൻ നിരവധി പേരെത്തുന്നുണ്ട്.
അറിയപ്പെടുന്ന ചിത്രകാരനായ ജോസഫ് എം വർഗ്ഗീസ് ആണ് ഇവിടെ ഗന്ധകശാല കൃഷി ചെയ്തത്. കല ആസ്വദിക്കാൻ എത്തുന്നവർ നെല്ലിൻമണവും ആസ്വദിച്ച് കൊണ്ടാകട്ടെ എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ദിവസവും നെല്ല് നനച്ച് സംരക്ഷിക്കുന്നത് ആർട്ട് ഗാലറി ജീവനക്കാരിയും അരിവാൾ രോഗ (സിക്കിൽ സെൽ അനീമിയ) പ്രതിരോധ പ്രവർത്തകയുമായ സരസ്വതിയാണ്.
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ഗന്ധകശാല ഇവിടെ കൃഷി ചെയ്തത്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ വിളവെടുക്കാം.
ജൈവകൃഷിയുടെ പ്രതിഷ്ടാപന കലയാണ് ഇതുവഴി നടപ്പിലാക്കിയിരിക്കുന്നത്.കൃഷി ചെയ്യാനുളള നെല്ല് നൽകിയത് സരസ്വതിയുടെ ഭർത്താവും പരമ്പരാഗത ജൈവ കർഷകനുമായ രാമചന്ദ്രനാണ്. കരനെൽ കൃഷി എവിടെയും ആകാമെന്നാണ് ഇതുവഴിയുളള സന്ദേശം. ആർട്ട് ഗാലറിയിലേക്ക് കയറിവരുന്നവർക്ക് ബിരിയാണിയും നെയ്ചോറുമുണ്ടാക്കുന്ന ഒറിജിനൽ അരിയുടെ സുഖന്ധം ശരിക്കും ആസ്വദിക്കാം.
കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിക്ക് മുന്നിൽ സുഗന്ധം പരത്തി വിളവെടുപ്പിന് തയ്യാറെടുക്കുന്ന ഗന്ധകശാല