മാനന്തവാടി: മാനന്തവാടി കൈതക്കൽ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കേരള പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നവംബർ 23 ന് ഉച്ചയ്ക്ക് 2 മണിക്ക് കൊയിലേരിയിൽ വെച്ച് നടത്തും.
46 കോടി രൂപ കിഫ്ബി ധനസഹായത്തോടെ ആധുനിക രീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. മാനന്തവാടിയിൽ നിന്ന് കുറഞ്ഞ ദൂരത്തിൽ പനമരത്ത് എത്താൻ കഴിയുന്ന വടക്കേ വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്.10 കിലോമീറ്റർ 415 മീറ്റർ ദൂരമാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിനു ശേഷം ആകെ തകർന്ന അവസ്ഥയിലാണ് റോഡ്.
പ്രവൃത്തി ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി കൊയിലേരി ഉദയ വായനശാലയിൽ വെച്ച് സ്വാഗത സംഘം രൂപീകരിച്ചു. 51 അംഗ സ്വാഗത സംഘം കമ്മിറ്റിയിൽ മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ. പ്രവീജ് സ്വാഗതസംഘം ചെയർമാനും പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് ചെയർമാനും പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എകസിക്യൂട്ടീവ് എൻജിനീയർ അജിത്ത് കൺവീനറും ആണ്. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ, വിവിധ രാഷ്ടീയസാമൂഹിക സാംസ്‌കാരിക മേഖലകളിലെ ആളുകൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.