സുൽത്താൻ ബത്തേരി: അടുത്ത ഡിസമ്പർ 8മുതൽ 11വരെ കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢിഗഡിൽ നടക്കുന്ന ദേശീയ അമ്പെയ്ത്ത് മൽസരത്തിൽ പങ്കെടുക്കുന്നതിന് വയനാട്ടുകാരായ ഏഴ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. അറുപത്തി രണ്ടാമത് സംസ്ഥാന സ്‌ക്കൂൾ കായികമേളയിലാണ് ഇവരെ തിരഞ്ഞെടുത്തത്.ഇതാദ്യമായാണ് ഈ ഇനം സ്‌ക്കൂൾ കായികമേളയിൽ ഇടം പിടിക്കുന്നത്.പുൽപ്പളളി ആർച്ചറി അക്കാഡമിയിലെ സജിത് ബാബു ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ റൗണ്ടിൽ സ്വർണ്ണമെഡലിന് അർഹനായി.ഇതേ വിദ്യാലയത്തിലെ അജിം സജി ജൂനിയർ ആൺകുട്ടികളുടെ കോമ്പൗണ്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പളളി അക്കാഡമിയിലെ തന്നെ അഭിൻ സജി ജൂനിയർ ആൺകുട്ടികളുടെ റിക്കർവ്വ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടി.
മലപ്പുറം വണ്ടൂർ ജി.എച്ച്.എസ് എസിലെ വിദ്യാർത്ഥിനിയും കൽപ്പറ്റ സ്വദേശിനിയുമായ എ.അഭിരാമിക്കാണ് ഇന്ത്യൻ റൗണ്ടിൽ രണ്ടാം സ്ഥാനം.പുൽപ്പളളി അക്കാഡമിയിലെ എസ്.ശ്രീലക്ഷ്മി ഇന്ത്യൻ റൗണ്ടിൽ മൂന്നാം സ്ഥാനവും ഇതേ സ്ഥാപനത്തിലെ പി.ജെ.മരിയ ഇന്ത്യൻ റൗണ്ടിൽ നാലാം സ്ഥാനവും നേടി.കൽപ്പറ്റ ഗവ.ഹയർ സെക്കൻഡറിയിലെ സി.എം.സൗരവ് റിക്കർവ്വ് ഇനത്തിൽ നാലാം സ്ഥാനവും നേടിക്കൊണ്ടാണ് ഇവർ ദേശീയ ടീമിൽ ഇടം നേടിയത്.