പേരാമ്പ്ര: സി.പി.എം-ബി.ജെ.പി സംഘർഷമുണ്ടായ കല്ലോട്, കല്ലോട് സൗത്ത് ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ഊർജിതമാക്കി . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ ഞായറാഴ്ച അർധരാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി അക്രമങ്ങളിൽ കലാശിച്ചതോടെയാണ് പോലീസ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങിയത്.
സി.പി.എം ലോക്കൽ കമ്മറ്റി അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.പി ഗംഗാധരൻ മാസ്റ്ററുടെയും, പടിഞ്ഞാറയിൽ കുമാരന്റെയും, കീഴലത്ത് പ്രസൂണിന്റേയും, കുന്നത്ത് കുനി കുഞ്ഞിരാമന്റേയും വീടുകൾക്ക് നേരെയാണ് അതിക്രമം നടന്നത്. അക്രമികൾ സംഘടിച്ചെത്തി വീട്ടു വരാന്തയിൽ അതിക്രമിച്ചു കയറുകയും ജനലും വാതിലും തകർക്കുകയും ചെയ്തുവെന്നാണ് വീട്ടുകാരുടെ പരാതി. ഒരു വീട്ടിലെ നഴ്‌സറി കാർഷിക വിളകൾ അക്രമി സംഘം നശിപ്പിച്ചതായും പരാതിയുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സി.ഐ സുനിൽകുമാർ, എസ്.ഐ ദിനേശ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. അനിഷ്ട സംഭവങ്ങൾ തടയുന്നതിന് എല്ലാവിധ സഹകരണവും ബന്ധപ്പെട്ട കക്ഷികൾ ഉറപ്പു നൽകി. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.