കൽപ്പറ്റ: കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും യു.ഡി.എഫ് ഘടക കക്ഷികൾക്കും എന്നും ഒരു വഴി കാട്ടിയായിരുന്നു എം.ഐ.ഷാനവാസ്.വയനാട് ജില്ലയിലെ ഏത് പ്രശ്നങ്ങൾക്കും എം.ഐ. ഷാനവാസിനെയാണ് ഘടക കക്ഷികളും കോൺഗ്രസ് പ്രവർത്തകരും സമീപിച്ചിരുന്നത്. അു്ദേഹം പരിഹാരമുണ്ടാക്കുമെന്ന വിശ്വാസം അവർക്ക് ഉണ്ടായിരുന്നതിനാൽ അവസാന വാക്കും അദ്ദേഹത്തിന്റതായിരുന്നു.
ജില്ലയിലെ ഘടകകക്ഷികളും നേതാക്കളും പ്രവർത്തകരും എം.ഐ.ഷാനവാസിന് പ്രത്യേക ബഹുമാനവും നൽകിയിരുന്നു.
അസുഖം ബാധിച്ച് പൂർണ്ണ വിശ്രമം എടുക്കേണ്ട സമയത്തും അദ്ദേഹം ചുരം കയറിയെത്തിയിട്ടുണ്ട്. വയ്യാതിരുന്നിട്ടും പൊതു പരിപാടികളിൽ പങ്കെടുത്തു.
ആരോപണങ്ങൾ നിരവധി കേട്ടു.വയനാടിനെ ശ്രദ്ധിക്കുന്നില്ലെന്നും വയനാട്ടിലേക്ക് വരുന്നില്ലെന്നും മറ്റുമാെക്കെയായിരുന്ന പരാതികൾ. വയനാട്ടിലേക്കുളള വികസന പ്രവർത്തനങ്ങൾ നേടിയെടുക്കാൻ എം. ഐ.ഷാനവാസ് ഏറെ ശ്രമിച്ചിട്ടുണ്ടെന്ന് ഘടക കക്ഷികൾ പറയുന്നു.
ഷാനവാസ് ആദ്യ തവണ എം.പിയായപ്പോൾ 1056 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്ന് യു.ഡി. എഫ് നേതാക്കൾ പറയുന്നു. വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മരണം അദ്ദേഹത്തെ വേട്ടയാടിയത്. അസുഖം ഭേദമായി തിരിച്ച് വരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനും ഉണ്ടായിരുന്നു.
ഒക്ടാേബർ അവസാനം വയനാട്ടിൽ വന്നുപോയ എം. ഐ. ഷാനവാസ് എം.പി. ഇനി തിരിച്ച് വരില്ല. ഇന്ന് നടക്കുന്ന ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്ന് ജില്ലാ നേതാക്കളും പ്രവർത്തകരു എറണാകുളത്തേക്ക് പുറപ്പെട്ട് കഴിഞ്ഞു.
വയനാട്ടിലേക്ക് വല്ലപ്പോഴും എത്തുന്ന എം.പി. എന്ന ആരോപണം കേൾക്കുമ്പോഴും വലിയൊരു രോഗം ഉളളിലൊതുക്കി മരണവുമായി മല്ലിടുന്ന ഒരാളാണ് താനെന്ന് അദ്ദേഹം ആരോടും പറയാൻ പോയില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രം. രണ്ട് തവണയായി വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ആദ്യ ടേമിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.