ഒഴിഞ്ഞ് കിടക്കുന്നത്
104 ഡെയറി ഫാം ഇൻസ്ട്രക്ടർ തസ്തികകൾ
കോഴിക്കോട്: ക്ഷീര വികസന വകുപ്പിന് കീഴിൽ ഒഴിഞ്ഞ് കിടക്കുന്നത് 104 ഡയറി ഫാം ഇൻസ്ട്രക്ടർ തസ്തികകൾ. നിയമനം വൈകുന്നത് ക്ഷീര മേഖലയിൽഉണ്ടാക്കുന്നത് വലിയ നഷ്ടം. ബ്ലോക്ക് തലങ്ങളിലെ ക്ഷീര വികസന ഓഫീസ് കേന്ദ്രീകരിച്ചാണ് ഡയറി ഫാം ഇൻസ്‌ട്രക്ടർമാരുടെ പ്രവർത്തനം.അതുകൊണ്ട് തന്നെ സാധാരണക്കാരായ ക്ഷീര കർഷകരെയാണ് ഉദ്യോഗസ്ഥരുടെ കുറവ് ഏറെയും ബാധിക്കുന്നത്. വകുപ്പിന് കീഴിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മേൽനോട്ടവും വിശകലനവും ഉദ്യോഗസ്ഥരുടെ കുറവ് മൂലം താറുമാറായി.രണ്ട് വർഷമായിഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ട്. 2017 ജൂൺ മൂന്നിന് പി.എസ്.സി പരീക്ഷ നടത്തിയെങ്കിലും ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ബന്ധപ്പെടുമ്പോൾ പട്ടിക തയ്യാറാകുന്നു എന്നാണ് മറുപടി മാത്രമാണ് ലഭിക്കുന്നത്. പലയിടത്തും കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നുമുണ്ട്.
2017 ജനുവരിയിൽ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി പരീക്ഷ നടത്തിയത്.ഒ.എം.ആർ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ടെന്നും ചുരുക്കപട്ടിക തയ്യാറാക്കുകയാണെന്നുംവിവരാവകാശനിയമപ്രകാരം പി.എസ്.സി മറുപടി നൽകിയിരുന്നു.ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നതിനനുസരിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും നിയമനം നടത്താനും കാലതാമസമുണ്ടാകും. സർട്ടിഫിക്കറ്റ് പരിശോധന ,അഭിമുഖം എന്നിവ നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എട്ട് മാസം നീണ്ട് നിൽക്കുന്ന ഡിപ്പാർട്ട്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കണം. ഇത്രയും നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുള്ള തസ്തികയാണ് ചുരുക്കപ്പട്ടിക പോലും പ്രസിദ്ധീകരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.
.ക്ഷീര സഹകരണ സംഘങ്ങളുടെ മേൽനോട്ടം, പരിശോധന, റിട്ടേണിങ്ങ് ഓഫീസർ തുടങ്ങിയ ഒട്ടേറേ ചുമതലകൾ വഹിക്കേണ്ടത് ഡയറി ഫാം ഇൻസ്ട്രക്ടർമാരാണെന്നിരിക്കെ തസ്തികയിൽ ഇനിയും നിയമനം വൈകുന്നത് ക്ഷീര മേഖലയിൽ വലിയ നഷ്ടങ്ങളാണ് വരുത്തുക.
പ്രശ്നമാകുന്നത് :
ക്ഷീര കർഷകർക്ക് ക്ലാസ്സുകൾ
ബ്ലോക്ക് തല സെമിനാറുകൾ
പ്രദർശന മേളകൾ
തീറ്റപ്പുൽ കൃഷി വികസനം