കുറ്റാടി :ഇന്ത്യൻ ജനതയുടെ മറവി ചൂഷണം ചെയ്ത് ഭരണം നിലനിർത്തുന്ന മോദിയും സംഘപരിവാറും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ രാമജന്മഭൂമിയും ദക്ഷിണേന്ത്യയിൽ ശബരിമലയെയും ഉപയോഗിച്ച് അധികാരത്തിലെത്താൻ രാഷ്ട്രീയായുധമാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് പറഞ്ഞു. സി.പി.എം കുറ്റ്യാടി മണ്ഡലം കാൽനട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവിരുദ്ധ വികാരം ഉപയോഗിച്ച് അധികാരത്തിൽ എത്തിയ മോദി പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയും പെട്രോൾ ഉത്പന്നങ്ങളുടെ ക്രമാതീതമായ വില വർദ്ധനവിലൂടെയും ഇന്ത്യൻ ജനതയെ വറുതിയിലാക്കുകയാണ്. സാധാരണക്കാരനും ഇന്ത്യയിലെ കാർഷിക മേഖലയും ആകെ തകർന്നു. ഇതേ സമയം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുകയും ദരിദ്രരുടെ എണ്ണം വർദ്ധിക്കുയും ചെയ്തു. അഴിമതിയിൽ മുങ്ങി കുളിച്ച് ഇന്ത്യ ലോകത്തിന് മുന്നിൽ നാണംകെട്ടിരിക്കയാണ്. വകുപ്പ് തലവന്മാരും മന്ത്രിമാരും തുടങ്ങി അഴിമതിക്കാരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരുന്നു. റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇത്തരത്തിൽ ഇന്ത്യയെ തകർത്ത് വർഗ്ഗീയതക്ക് മുൻതൂക്കം നല്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ്സാണ് ബി.ജെ.പിയുടെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് വിശ്വാസികളുടെ വിശ്വാസത്തെ എന്നും സംരക്ഷിച്ചു നിലനിർത്താൻ സി പിഎമ്മും സംസ്ഥാന സർക്കാരും പ്രതിജ്ഞാ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ ദിനേശൻ അധ്യക്ഷനായി. ജാഥാ ലീഡർ കെ കുഞ്ഞമ്മദ്, കെ.പി കുഞ്ഞമ്മദ്കുട്ടി, കെ.കെ ലതിക, കെ.ക്യഷ്ണൻ, ടി.കെ കുഞ്ഞിരാമൻ, കെ.കെ സുരേഷ്, ടി.പി ഗോപാലൻ, കെ.പി ചന്ദ്രി എന്നിവർ സംസാരിച്ചു. കുന്നുമ്മൽ കണാരൻ സ്വാഗതം പറഞ്ഞു.