കുറ്റ്യാടി: കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾക്ക് നേരെയും മറ്റും നടന്ന അക്രമണങ്ങളിൽ കുറ്റ്യാടിയിൽ ചേർന്ന സർവ്വകക്ഷി യോഗം ഉത്കണ്ഡ രേഖപെടുത്തി. പരിസര പ്രദേശങ്ങളിൽ സമാധാനം നിലനിർത്താൻ യോഗം അഭ്യർത്ഥിച്ചു. ഇതനുസരിച്ച് ഇരുപത്തിമൂന്നാം തീയ്യതി സംഭവങ്ങൾ നടന്ന പ്രദേശങ്ങളിലും വീടുകളിലും ജനപ്രതിനിധികൾ, പോലീസ്, റവന്യു അധികാരികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികളുടേയും നേതൃത്വത്തിൽ സന്ദർശിക്കാനും അന്ന് വൈകുന്നേരം അമ്പലകുളങ്ങരയിൽ സർവ്വകക്ഷി പൊതുയോഗം സംഘടിപ്പിക്കാനും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നടന്ന യോഗം തീരുമാനിച്ചു. നാദാപുരം ഡിവൈ.എസ്.പി സുനിൽ കുമാർ, വടകര തഹസിൽദാർ സതീഷ്, കുറ്റ്യാടി സി.ഐ.സുനിൽകുമാർ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, റവന്യു അധികാരികൾ, വിവിധ രാഷട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.