shobsmarch
പ്രതിഷേധം

വടകര:മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ നഗരസഭാ അധികൃതർ ആറു സ്ഥാപനങ്ങൾ അടച്ചു പൂട്ടിയപ്രശ്നത്തിൽ വ്യാപാരികളും,നഗരസഭാ അധികൃതരും നടത്തിയ ചർച്ച പരാജയപ്പെട്ടു..നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വടകരയിലെ ഹോട്ടലുകളും,കൂൾബാറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ വടകര യൂണിറ്റ് തീരുമാനിച്ചു. കരിമ്പന തോടിലെ മാലിന്യ പ്രശ്‍നം സങ്കീർണ്ണ മാണെന്നും 15 ദിവസത്തിനകം സംസ്കരണ പ്ലാന്റ് തയ്യാറാക്കി നഗരസഭയെ അറിയിച്ചാൽ നടപടിയിൽ നിന്നും ഒഴിവാക്കാമെന്നും ചെയർമാൻ വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ അംഗീകരിച്ചില്ല.ഹോട്ടൽ ആൻഡ് കൂൾ ബാർ ഉടമകൾ ഇന്നലെ കടകൾ അടച്ച് നഗരസഭാ ഓഫീസ് മാർച്ച് നടത്തിയിരുന്നു.തുടർന്ന് നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി രാവിലേയും,വൈകീട്ടും നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. യാതൊരു മുന്നറിയിപ്പോ നോട്ടീസോ നൽകാതെ പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ പോലും നശിപ്പിച്ചു കളയുന്ന രീതിയിൽ ബലമായി കട താഴിട്ട് പൂട്ടുകയും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടുന്നുവെന്ന് തെറ്റായ പ്രചരണം നടത്തുകയും ചെയ്തതിൽപ്രതിഷേധിച്ചാണ് അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനിച്ചത്.നഗരസഭയുടെ നടപടിക്കെതിരെ നഷ്ടപരിഹാരമടക്കമുളള നടപടികൾക്കായി കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി സി.ഷമീർ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ,മുഹമ്മദ്,കെ.പി.നിധീഷ്,സുരേഷ് കുഞ്ഞിക്കണ്ടി,പി.പി.സിൽഹാദ്‌,പവിത്രൻ കുറ്റിയാടി എന്നിവർ പ്രസംഗിച്ചു.