കൽപ്പറ്റ: വയനാട്ടിൽ കാപ്പി വിളവെടുപ്പ് തുടങ്ങിയപ്പോൾ കർഷകരുടെ ഉളളിൽ തീയാണ്.വിളവെടുപ്പ് നത്തവണ പകുതി കണ്ട് കുറയുമെന്നതാണ് കർഷകരെ അലട്ടുന്നത്.
കഴിഞ്ഞ കാലവർഷത്തിൽ കാപ്പിക്കുരു പാടെ പൊഴിഞ്ഞു. ഇതോടെയാണ് വിളവെടുക്കാൻ കാര്യമായൊന്നും ഇല്ലാതായത്.കാപ്പി വിളവെടുപ്പിൽ പ്രതീക്ഷ വച്ചിരുന്ന കർഷകർ ഇതോടെ പ്രതിസന്ധിയിലുമായി.
ജനുവരി അവസാനത്തോടെ കാപ്പി വിളവെടുപ്പ് പൂർത്തിയാകും. ജില്ലയിലെ ദിവസങ്ങളോളം വെളളം കെട്ടി നിന്ന പ്രദേശങ്ങളിലാണ് കാപ്പി വിള കുറഞ്ഞത്.
കഴിഞ്ഞ വർഷം തന്നെ കാപ്പി ഉൽപ്പാദനം ഇരുപത് ശതമാനം കുറുഞ്ഞുവെന്നാണ് കർഷകർ പറയുന്നത്. ഇതിന് പുറമെ തണ്ടുതുരപ്പൻ,കായ് തുരപ്പൻ എന്നീ കീടങ്ങളുടെ ആക്രമണങ്ങളും കാപ്പി ഉൽപ്പാദനം കുറയാൻ ഇടയാക്കി. കാപ്പി കൃഷി കൊണ്ട് മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വയനാട്ടിൽ 67426 ഹെക്‌ടറിലാണ് കാപ്പി കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് എൺപത് ശതമാനം കാപ്പി കർഷകരും വയനാട്ടിലാണ്. അറുപതിനായിരത്തോളം കാപ്പി കർഷകരാണ് വയനാട് ജില്ലയിൽ ഉളളത്.ഇതിൽ ഏറെയും ഇടത്തരം കർഷകരാണ്.
66,680 മെട്രിക് ടൺ കാപ്പിയെങ്കിലും ലഭിക്കുമെന്നായിരുന്നു കോഫി ബോർഡിന്റെ പ്രതീക്ഷ. പക്ഷെ അത്രയും ഉണ്ടാകില്ലെന്ന് കർഷകർ തറപ്പിച്ച് പറയുന്നു. കർഷകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള വിലയും ഇപ്പോൾ ലഭിക്കുന്നില്ല. ഉണ്ടകാപ്പി ചാക്കിന് നാലായിരം രൂപയും പരിപ്പിന് ക്വന്റലിന് 13,500 രൂപയുമാണ് വില.
ചെടികളുടെ പരിപാലനം,വിളവെടുപ്പ്,സംസ്ക്കരണം എന്നിവയ്ക്കുളള കൂലി ചിലവ് താങ്ങുവാൻ കഴിയാതായി. കാപ്പി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 350 രൂപയും പുരുഷന്മാർക്ക് 500 രൂപയുമാണ് കൂലി. ഇത് വർദ്ധിപ്പിക്കണമെന്ന് പല ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. രാസവളങ്ങളുടെ വില വർദ്ധനയും കാപ്പി കർകരെ വലയ്ക്കുകയാണ്.