വടകര: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വയോജന സൗഹൃദ ഹരിതകേന്ദ്രവും ഹൈടെക് ലൈബ്രറിയും പ്രസിഡന്റ് തിരുവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. പാർശ്വവത്കരിക്കപ്പെടുന്നു എന്ന തോന്നലിനു പകരം നാടിന്റെ സ്വത്താണ് തങ്ങളെന്ന ബോധ്യം വയോജനങ്ങളിലുണ്ടാക്കുവാൻ കഴിയുന്ന ഒരു സ്ഥാപനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അറുപതു വയസിനു മുകളിലുള്ളവർക്കു വായിച്ചിരിക്കാൻ ഒരിടം എന്നതു മാത്രമല്ല അറിവുകൾ പുതുതലമുറയ്ക്കു പങ്കുവച്ചു നൽകുക എന്നതുകൂടിയാണ് വയോജന ഹരിതകേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 11.67 ലക്ഷം രൂപ ചെലവഴിച്ചാണ് 2017-18 വാർഷിക പദ്ധതിയിൽ തുടക്കം കുറിച്ച പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. വയോജനങ്ങൾക്ക് സൗഹൃദം പുതുക്കാനും വായിക്കുവാനും വിശ്രമിക്കുവാനും വേണ്ടിയുള്ളതാണ് വയോജന സൗഹൃദകേന്ദ്രം. ഓഫിസ് കോംപൌണ്ട് വയോജന സൗഹൃദപാർക്ക് ആക്കി മാറ്റുവാനുള്ള എട്ടുലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാവുകയാണ്. യു.എൽ.സി.സി.എസ് ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞു. ജോയിന്റ് ബി.ഡി.ഒ പി.ആർ.സാലിമോൻ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനിയർ എസ്. സ്വീറ്റി റിപ്പോർട് അവതരിപ്പിച്ചു. ജി.ഇ.ഒ ടി.പ്രീത, സി.ഡി.പി.ഒ എൻ.പി.തസ്ലീന, വി.കെ.കുട്ടി ,വടയക്കണ്ടി നാരായണൻ ,വള്ളിൽ ശ്രീജിത്ത് എന്നിവർ സംസാരിച്ചു