പേരാമ്പ്ര:കല്ലോട് മേഖലയിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറുണ്ടാവുകയും യുവാവിന് വെട്ടേൽക്കുകയും ചെയ്തിരുന്നു. പ്രദേശം ശക്തമായ പൊലീസ് നിരീക്ഷണത്തിലായിരിക്കെയാണ് വ്യാഴാഴ്ച വീണ്ടും അക്രമമുണ്ടായത്. താലൂക്ക് ആശുപത്രി റോഡിന് മുന്നിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഹോട്ടലിന് നേരെ കല്ലേറു നടന്നു. വൈകീട്ട് കല്ലോട് കെസി ഫ്രൂട്ട്സിന് നേരെയും അക്രമമുണ്ടായി. നാല് ദിവസം മുമ്പ് മറ്റൊരു ഹോട്ടലിനു നേരെയും കല്ലേറുണ്ടായി. .കച്ചവട സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന അക്രമത്തിൽ വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അക്രമങ്ങൾക്കെതിരെ പൊലീസ് കാര്യക്ഷമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർത്തി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന നാട്ടുതകാരുടെ ആവശ്യവും ശക്തമായിട്ടുണ്ട്. സമാധാനം നിലനിൽക്കുന്ന പേരാമ്പ്രയിൽ ബോധപൂർവ്വം കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അക്രമത്തിൽ ഉൾപെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.