പേരാമ്പ്ര : പ്രളയക്കെടുതിയിൽ കാർഷിക വിളകൾ നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാതെ ദൂരിതത്തിലായതായി പരാതി . പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ കൃഷിഭവനുകളിലും ജില്ലയിലെ വിവിധ കൃഷിഭവൻ പരിധികളിലെ കർഷകരുമാണ് ദുരിതത്തിലായിരിക്കുന്നത്. ചെറുവണ്ണൂർ, പേരാമ്പ്ര, കൃഷിഭവൻ പരിധിയിലെ 250ൽ അധികം നേന്ത്രവാഴ കർഷകർക്കും മറ്റുമാണീ ദുരവസ്ഥ.
ശക്തമായ പ്രളയത്തിൽ പലർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. നെല്ല്, തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ,കർഷകർക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. ഏറ്റവും ദുരിതത്തിൽപ്പെട്ടത് നേന്ത്ര വാഴ കർഷകരാണ്.
വി.എഫ്, പി.സി.കെ. മേൽനോട്ടത്തിലും ഒറ്റയ്ക്കായും ദേശസാൽകൃത ബാങ്കുകളിൽ നിന്ന് വായപയെടുത്താണ് പലരും കൃഷി ചെയ്തത്. കൃഷി ചിലവിന്റെ നാലിലെന്ന് പോലും ലഭിച്ചില്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷൂർ ചെയതവർക്ക് പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ജിവനക്കാർ വിമുഖത കാണിക്കുന്നതായും ഇവർ പറയുന്നു.
നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ തുടർ കൃഷിയിറക്കാൻ ഇവർക്ക് പണമില്ല. ബാങ്കുകൾ തിരിച്ചടവിനായി ബുദ്ധിമുട്ടിക്കുയപും ചെയ്യുന്നു. പ്രളയ ദുരിത സമയത്ത് കർഷകർക്കുണ്ടായ നഷ്ടം പത്ത് ദിവസത്തിനുള്ളിൽ പരിഹരിച്ച് നൽകുമെന്ന് കൃഷിമന്ത്രി പ്രഖ്യാപിച്ച ആശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ജില്ലയിൽ പര്യടനം നടത്തുന്ന മന്ത്രിയെ പ്രതിഷേധം അറിയിക്കാൻ തയാറെടുക്കുകയാണ് കർഷകരും വിവിധ സംഘടനകളും. കൃഷിമന്ത്രി കർഷകർക്ക് നൽകിയ ഉറപ്പ് പാലിച്ച് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും കാർഷിക കടം എഴുതിതള്ളാൻ സർക്കാർ തയ്യാറാവണമെന്നും കർഷക മോർച്ച ജില്ലാ ജന.സെക്രട്ടറി കെ.കെ. രജിഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകിയതായി കെ.കെ. രജിഷ് അറിയിച്ചു.