train

കോഴിക്കോട്:നമ്മളെല്ലാവരും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. എന്നാൽ റെയിൽവേ നിയമങ്ങളെപ്പറ്റി അറിവ് ഇല്ലാത്തതിനാൽ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തുന്നില്ല. ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് പോലും അറിയാത്ത ഏഴ് നിയമങ്ങൾ ഇവ.

1.തത്കാൽ ടിക്കറ്റിനും റീഫണ്ട്

അവസാന നിമിഷത്തെ യാത്രകൾക്ക് ആശ്രയം തത്കാൽ ടിക്കറ്റുകളാണ്. വലിയ തുക കൊടുത്ത് വാങ്ങുന്ന ടിക്കറ്റ് ചാർജ് യാത്രക്കാർക്ക് തിരികെ ലഭിക്കില്ലെന്നതാണ് ന്യൂനത.എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ തത്ക്കാൽ ടിക്കറ്റിനും റീ ഫണ്ട് അനുവദിക്കും.

ട്രെയിൻ 3 മണിക്കൂറിലധികം വൈകിയാലോ,​നിങ്ങൾ ബുക്ക് ചെയ്ത ട്രെയിൻ വഴി തിരിച്ച് വിടുകയും അവ നിങ്ങളുടെ സ്റ്റേഷൻ വരാതെയും കടന്ന് പോയാൽ റീഫണ്ട് ലഭിക്കും.

പ്രകൃതി ക്ഷോഭമോ സാങ്കേതിക തകരാറു കാരണമോ ഏതെങ്കിലും സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചാൽ സ്റ്റേഷൻ മാസ്റ്റർക്ക് ടിക്കറ്റ് മടക്കി നൽകി ബാക്കി തുക തിരികെ വാങ്ങാം.

2.ബെർത്ത് ഉടൻ പോകില്ല

റിസർവ് ചെയ്ത സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ പറ്റിയില്ലെങ്കിൽ ഉടൻതന്നെ ബർത്ത് നഷ്ടമാകില്ല.

രണ്ട് സ്റ്റേഷൻ കൂടി കഴിഞ്ഞതിന് ശേഷമോ അല്ലെങ്കിൽ ട്രെയിൻ പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമോ ( ഏതാണോ ആദ്യം ) മാത്രമേ ആർ.എ.സി ലിസ്റ്റിൽ ഏറ്റവും മുന്നിലുള്ള യാത്രക്കാരന് ബർത്ത് അനുവദിക്കൂ.

3..മദ്ധ്യ ബർത്തുകാരുടെ ഉറക്കം

മദ്ധ്യ ബർത്ത് ലഭിക്കുന്ന യാത്രക്കാരുടെ ഉറക്ക സമയം രാത്രി 10 മുതൽ രാവിലെ 6 വരെയാണ്.സമയപരിധി കഴിഞ്ഞാൽ മറ്റ് യാത്രക്കാർക്ക് സ്വസ്ഥമായി ഇരുന്ന് യാത്ര ചെയ്യാൻ അവസരമൊരുക്കണം. അല്ലാതെ കിടന്ന് ഉറങ്ങുന്നത് കുറ്റകരമാണ്.

4.വളർത്തുമൃഗങ്ങൾ ലഗേജ് വാനിൽ

വളർത്തുമൃഗങ്ങളോ പക്ഷികളുമായോ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യാൻ പാടില്ല.എന്നാൽ ഇവയെ ലഗേജ് വാനിൽ കയറ്റാനാകും. ലഗേജ് വാനിൽ യാത്രക്കാർക്ക് പ്രവേശനമില്ല. അതിനാൽ യാത്ര അവസാനിക്കും വരെ വേണ്ട വെള്ളവും ഭക്ഷണവും ലഗേജ് വാനിൽ കയറ്റുന്ന സമയത്ത് തന്നെ ഒരുക്കണം.

5. ഭക്ഷണ സാധന വില:

റെയിൽവേ സ്റ്റേഷനിൽ വില്പന നടത്തുന്ന ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി വിൽക്കാൻ പാടില്ല. പായ്ക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വില കച്ചവടക്കാരൻ വാങ്ങിയാൽ 1800111321 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ മതി.

6.ഡ്യൂപ്ളിക്കേറ്റ് ടിക്കറ്റിന്റെ റീഫണ്ട്

റിസർവ് ചെയ്ത ടിക്കറ്റ് നഷ്ടപ്പെട്ടാലും നിങ്ങൾക്ക് ഡ്യൂപ്ളിക്കേറ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.ഡ്യൂപ്ളിക്കേറ്റ് ടിക്കറ്റ് ലഭിക്കാൻ യാത്ര തുടങ്ങുന്ന സ്റ്റേഷനിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസർക്ക് തിരിച്ചറിയൽ കാർഡിന്റെ കോപ്പി സഹിതം 24 മണിക്കൂർ മുമ്പ് അപേക്ഷ നൽകണം.ചെറിയ ഫീസ് ഈടാക്കി ഡ്യൂപ്ളിക്കേറ്റ് ടിക്കറ്റ് നൽകും..

7. ടിക്കറ്റ് ദീർഘിപ്പിക്കാൻ

ലക്ഷ്യസ്ഥാനത്തേക്ക് റിസർവേഷൻ കിട്ടിയില്ലെങ്കിൽ കിട്ടിയ സ്ഥലത്തേക്ക് റിസർവ് ചെയ്ത് പിന്നീട് ടിക്കറ്റ് ദീർഘിപ്പിക്കാം. ഇതിനായി റിസർവ് ചെയ്ത സ്ഥലത്ത് എത്തുന്നതിന് മുമ്പ് ടി.ടി.ഇയെ സമീപിക്കണം.അദ്ദേഹം ഒഴിവുണ്ടെങ്കിൽ പുതിയ ടിക്കറ്റ് നൽകും.ഇതിനായി കൂടുതൽ തുക ഈടാക്കും.