മെഡിക്കൽ കോളേജ്: കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം വർഷത്തിൽ ചികിത്സയ്ക്ക് വരുന്നത് 8000 പേരാണ്. അതിൽ തന്നെ 5000 പേർ പുതുതായി രോഗം ബാധിച്ചവരാണ്. ലഹരിയുടെ ഉപയോഗവും ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയുമാണ്പ്രധാനകാരണം. ത്രിതല കാൻസർ സെൻററിൻറെയും ലക് ചർ തിയേറ്റർ കോംപ്ലക്സിൻറെയും ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ 44.5 കോടി രൂപ ഉപയോഗിച്ചാണ് കാൻസർ സെൻറർ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 25.85 കോടി കേന്ദ്ര സർക്കാർ വിഹിതവും 18.65 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്.
കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കൊപ്പം മെഡിക്കൽ കോളേജുകളിലും മികച്ച കാൻസർ ചികിത്സ ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് പ്രതിവർഷം 80,000 പേരാണ് കാൻസർ ബാധിതരാവുന്നത്. ഒരു ലക്ഷം പേരിൽ 161 പുരുഷന്മാരും 165 സ്ത്രീകളും കാൻസർ ബാധിതരാവുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോൾ എല്ലാ വീടുകളിലും ചെറിയ തോതിൽ പച്ചക്കറി കൃഷി ചെയ്ത് വരുന്ന സംസ്ക്കാരം കണ്ടു വരുന്നുണ്ട്. വിഷമുക്തമായ ആഹാരം തന്നെ രോഗങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നിപ്പ കാലത്ത് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായ സേവനമനുഷ്ഠിച്ച 15 പി.ജി വിദ്യാർത്ഥികളെ സ്വർണമെഡൽ നൽകി ആദരിച്ചു.
ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പിയും മേയർ തോട്ടത്തിൽ രവീന്ദ്രനും മുഖ്യാതിഥികളായിരുന്നു. എ. പ്രദീപ് കുമാർ എം.എൽ.എ സ്വാഗതവും റേഡിയോ തെറാപ്പി വിഭാഗം മേധാവി ഡോ.ടി അജയകുമാർ നന്ദിയും പറഞ്ഞു.
കരാർ തൊഴിലാളികൾക്ക് മുൻഗണന മാത്രം
നിപ്പ കാലത്ത് സേവനമനുഷ്ടിച്ചിരുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മറ്റ് ഒഴിവുകൾ വരുന്ന സമയം ഇവർക്ക് മുൻഗണന നൽകുമെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പിരിച്ചു വിട്ട സംഭവം വിവാദമായപ്പോൾ അവരുടെ കാലാവധി നീട്ടിയിരുന്നു. എന്നാൽ അവരെ സ്ഥിരപ്പെടുത്തുമോ എന്ന് വ്യക്തമാക്കിയിരുന്നില്ല.ത്രിതല കാൻസർ സെൻററിൻറെയും ലക്ചർ തിയേറ്റർ കോംപ്ലക്സിൻറെയും ഉദ്ഘാടന വേദിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ.