മാനന്തവാടി: കനത്ത പേമാരിയുമായി കാലവർഷം കഴിഞ്ഞ് മാസങ്ങൾ കഴിയുംമുമ്പേ കാട്ടരുവികൾ
വറ്റിത്തുടങ്ങി. ഇക്കുറി വേനൽ കടുത്തതാവാൻ സാധ്യതയെന്ന് ആശങ്കയുണർത്തുന്നതാണ് ഇത്.
തുലാവർഷം പെയ്യുമ്പോഴും ഉൾവനങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന കാട്ടരുവികളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങി. വൃശ്ചികം തുടങ്ങിയപ്പോഴേ മലമുകളിൽ
നിന്ന് ഉൽഭവിക്കുന്ന അരുവികളിലെ വെള്ളം കുറയുന്നത് വേനൽ കഠിനമാകുമെന്ന പ്രകൃതിയുടെ മുന്നറിയിപ്പായാണ് പഴമക്കാർ കാണുന്നത്.
ഇനി വരുന്ന മാസങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും സാധ്യത ഏറെയാണ്. പ്രളയ ദിനങ്ങളിൽ
നിറഞ്ഞൊഴുകിയ നദികളിൽ വേനൽകാലത്തുള്ളത്ര ജലനിരപ്പാണ് ഇപ്പോഴുള്ളത്.
നദികളിൽ ചെറിയ തടയണകൾ തീർത്ത് വേനൽകാലത്ത് കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാനുതകുന്ന പദ്ധതികൾ ആവിഷ്‌കരിച്ച് ഫലപ്രദമായി നടപ്പിലാക്കാൻ
അധികൃതർ നടപടിയൊന്നുമെടുക്കുന്നുമില്ല.
വേനൽ കടുക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്യുമ്പോൾ മാത്രം ജലക്ഷാമത്തെ കുറിച്ച് ചിന്തിക്കുകയും മഴക്കാലമാകുന്നതോടെ
മറക്കുകയും ചെയ്യുന്ന പതിവ് ആണ് വയനാടിനെ ദുരിതത്തിലാക്കുന്നത്.
വയനാട്ടിൽ പെയ്യുന്ന മഴ വെള്ളം കബനിയിലൂടെ ഒഴുകി
എത്തുന്നത് സംഭരിച്ച് ഫലപ്രദമായി കൃഷിയിടങ്ങളിൽ വിനിയോഗിക്കുന്ന കർണാടകയുടെ മാതൃക ഇവിടെയും അനുവർത്തിക്കാവുന്നതാണ്. വയനാടിന്റെ കാലാവസ്ഥാ
വ്യതിയാനം ഗൗരവമായി കണ്ട് ദീർഘകാല ലക്ഷ്യങ്ങളോടെയുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് കർഷകർ ആവശ്യപ്പെടുന്നു.