s
കെ.സുരേന്ദ്രനെ ജയിലിലടച്ചതിൽപ്രതിഷേധിച്ച് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ അത്തോളി പൊലീസ് സ്‌റ്റേഷനു മുന്നിൽ റിലേ നിരാഹാര സമരം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്യുന്നു.

അത്തോളി: ശബരിമല ക്ഷേത്ര ദർശത്തിന് പോകവെ ബി.ജെ.പി സംസ്ഥാന ജനറൽ
സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ
സമിതിയുടെ നേതൃത്വത്തിൽ അത്തോളി പൊലീസ് സ്‌റ്റേഷനു മുന്നിൽ റിലേ നിരാഹാര
സമരം തുടങ്ങി. ഇന്നലെ രാവിലെ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി
ശശികല സമരം ഉദ്ഘാടനം ചെയ്തു. ശബരിമലയിൽ യുവതികൾ വന്നില്ലെങ്കിൽ
നിങ്ങൾ കയറേണ്ട എന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.
സർക്കാറിന്റെ അഹങ്കാരത്തിനു മുന്നിൽ ഹിന്ദു സംഘടനകൾ കീഴടങ്ങുന്ന
പ്രശ്‌നമില്ല. ശബരിമല കർമ്മ സമിതി നടത്തുന്ന ധർമ്മപോരാട്ടത്തെ
തകർക്കാനുള്ള ബുദ്ധി പിണറായി വിജയനില്ല. ശബരിമലയിൽ എത്ര തവണ പോകണമെന്ന്
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ദേവസ്വം മന്ത്രിയും അല്ല തിരുമാനിക്കേണ്ടത്.
ആചാരപരമായും സംഘടനാപരമായും ശബരിമലയിലേക്ക് യാത്ര ചെയ്യേണ്ടി വരുമെന്നും
തടയാമെങ്കിൽ തടയാമെന്നും അവർ പറഞ്ഞു. ചടങ്ങിൽ
അയ്യപ്പസേവാസമാജം ജില്ലാ അദ്ധ്യക്ഷൻ കണ്ണൻ ഗുരുസ്വാമി അദ്ധ്യക്ഷനായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരൻപിള്ള സമരവേദിയിലെത്തി
നിരാഹാരം അനുഷ്ഠിക്കുന്ന ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി
ബൈജുകൂമുള്ളിയെ ഷാൾ അണിയിച്ചു. ആർ.എസ്.എസ് പ്രാന്ത കാര്യവാഹ്
പി.ഗോപാലൻകുട്ടി മാസ്റ്റർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്
,ശബരിമല കർമ്മ സമിതി ജില്ലാ സംയോജൻ സി.കെ സുഭാഷ്, സി.ലിജു തുടങ്ങിയവർ
സംസാരിച്ചു. ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് വി.വി രാജൻ. ജില്ലാ പ്രസിഡന്റ്
ടി.പി ജയചന്ദ്രൻ, സെക്രട്ടറി കെ.വി സുധീർ, ഹിന്ദു ഐക്യവേദി നേതാവ് ഷൈനു തുടങ്ങിയവർ സമരവേദിയിലെത്തിയിരുന്നു.