icb
ഗോത്രമേള ഉദ്ഘാടനംഐ സി ബാലകൃഷ്ണൻഎം.എൽ.എ നിർവഹിക്കുന്നു


സുൽത്താൻ ബത്തേരി: ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവർത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിനും പൊതു സമൂഹത്തിന് അവസരമൊരുക്കുന്നതിനുംവയനാട് ഗോത്രമേള ' നങ്കആട്ട 2018' സുൽത്താൻ ബത്തേരി ടൗൺഹാളിൽ ആരംഭിച്ചു. മേളയുടെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദർശനം,പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉൽപന്നങ്ങളുടെ പ്രദർശനം, വിൽപ്പന, ഗോത്ര സംസ്‌കാരിക ഫോട്ടോ പ്രദർശനം, ചിത്ര പ്രദർശനം,'ഗോത്ര മുന്നേറ്റം സാദ്ധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെമിനാർ എന്നിവ നടന്നു..വിവിധ സമുദായങ്ങളുടെ വട്ടക്കളി, കമ്പള നൃത്തം, കോൽക്കളി, ഗദ്ദിക, വടക്കൻ പാട്ട്, നെല്ല് കുത്ത് പാട്ട്, എന്നിവയും അരങ്ങിലെത്തി.മേളയോടനുബന്ധിച്ച് വിവിധ കലാ കായിക സാംസ്‌കാരിക പ്രവർത്തനങ്ങൾനടന്നു.കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കപ്പെട്ട യൂത്ത് ക്ലബ്ബുകൾക്കായി നവംബർ 18 മുതൽ 21 വരെ ബ്ലോക്ക് തലങ്ങളിൽ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളെ വെച്ച് ജില്ലാ തല മത്സരം ഡിസംബർ 2 ന് നടക്കും.മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലം നല്കി ഗോത്രശ്രീ വയനാട് എന്ന പേരിൽ കുടുംബശ്രീ ഫുട്‌ബോൾ ടീമിനെ വാർത്തെടുക്കുക എന്നതും ലക്ഷ്യമാണ്. പട്ടിക വർഗ്ഗ യൂത്ത് ക്ലബ്ബുകൾക്കായി ജില്ലാതലത്തിൽ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളിൽ മേളയുടെ ഭാഗമായി നടക്കും.ആദിവാസി മേഖലയിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തി രൂപീകരിച്ച കാറ്ററിംഗ് ഗ്രൂപ്പിന്റെ അരങ്ങേറ്റവും നടന്നു.
ഗോത്രമേള ഉദ്ഘാടനം ഐ സി ബാലകൃഷ്ണൻഎം.എൽ.എ നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്‌സൺ ടി എൽ സാബു അദ്ധ്യക്ഷം വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി സാജിത മുഖ്യപ്രഭാഷണം നടത്തി.മേളയുടെ ഭാഗമായി വയനാട് നാട്ടുക്കൂട്ടവും തിരുനെല്ലി ബേഗൂർ സ്വദോ ധിമ്മി കാട്ടുനായ്ക്ക കലാസംഘം അവതരിപ്പിച്ച പരിപാടിയും നടന്നു. ജില്ലാ സ്‌കൂൾ യുവജനോത്സവത്തിൽ നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ കല്ലൂർ എം ആർ എസ് സ്‌കൂൾ ടീമിനെ ആദരിക്കുകയും ചെയ്തു.നാളെ തോട്ടി ആട്ട,കോൽക്കളി,വട്ടക്കളി,ഊരാളിക്കളി എന്നിവയും ബത്തേരി തുടിത്താളം അവതരിപ്പിക്കുന്ന പരിപാടിയും അരങ്ങേറും.

കുടുംബശ്രീ ഫുഡ്‌ഫെസ്:താളും തകരയും
കുടുംബശ്രീ കാറ്ററിംഗ് മേഖലയിൽ വനിതാ സംരഭ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി 'താളും തകരയും' എന്ന പേരിൽ ഭക്ഷ്യമേളനടത്തി വരുന്നു.നവംബർ 26 മുതൽ 28 വരെ കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് വെച്ചാണ് ഭക്ഷ്യമേള. വയനാടിന്റെ തനതു വിഭവങ്ങളും ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് രുചിക്കൂട്ടൊരുക്കുകയാണ് കുടുംബശ്രീ .