കൽപ്പറ്റ:വയനാടൻ വനാന്തരങ്ങളിൽ നിന്ന് സുലഭമായി ലഭിച്ച് കൊണ്ടിരുന്ന തേൻ കിട്ടാതായതോടെ വിലയും വർദ്ധിച്ചു. കാലവർഷം തകർത്ത് പെയ്തപ്പോൾ ആദിവാസികൾക്ക് തേൻ ശേഖരിക്കാൻ കഴിയാതെ പോയി.
ജൂൺ,ജൂലൈ മാസങ്ങളിൽ പെയ്ത കനത്ത മഴ തേൻ ശേഖരിക്കുന്ന ആദിവാസികൾക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ ഉൽപ്പാദനം പകുതി കണ്ട് കുറയുകയും വില കൂടുകയും ചെയ്തു.
കുറുമ വിഭാഗത്തിൽപെട്ടവരാണ് വനത്തിൽ നിന്ന് അതിവിദഗ്ദമായി തേൻ ശേഖരിച്ച് കൊണ്ടിരിക്കുന്നത്.ഏറെ അപകടം പിടിച്ച് ജോലിയാണിത്. തേൻ കൂടുകൾ കനത്ത മഴയിൽ വ്യാപകമായി നശിച്ചു.
വയനാട് ജില്ലയിൽ പതിനഞ്ചോളം പട്ടിക വർഗ്ഗ വനവിഭവ സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ആദിവാസികൾ ശേഖരിച്ച് കൊണ്ടുവരുന്ന തേൻ ഉൾപ്പെടെയുളള വനവിഭങ്ങൾ ഇൗ സൊസൈറ്റികളാണ് ശേഖരിക്കുന്നത്. കഴിഞ്ഞ തവണ ആദിവാസികൾ കൊണ്ടുവന്ന തേനിന്റെ പകുതി മാത്രമെ ഇത്തവണ ലഭിച്ചിട്ടുളളുവെന്നാണ് പട്ടിക സൊസൈറ്റി ഭാരവാഹികൾ പറയുന്നത്.മുൻ വർഷങ്ങളിലെ സ്റ്റോക്കാണ് പല സൊസൈറ്റികളും ഇപ്പോൾ വിറ്റഴിക്കുന്നത്. ഇത് തീരാനാകുന്നതോടെ വിലയിൽ വീണ്ടും വർദ്ധനവുണ്ടാകും.
ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് വയനാട്ടിലെ തേൻ കാലം.കഴിഞ്ഞ വർഷം വൻതോതിൽ തേൻ ഉൽപ്പാദനം നടന്നു. 22000 കിലോ തേനാണ് ബത്തേരി സൊസൈറ്റി ശേഖരിച്ചത്.
ജില്ലയിൽ ഏറ്റവും കൂടുതൽ തേൻ ഉൽപ്പാദിക്കുന്നത് സുൽത്താൻ ബത്തേരി മേഖലയിലാണ്. കല്ലൂർ പട്ടിക വർഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയാണ് ഇൗ തേൻ ശേഖരിക്കുന്നത്. ഇത്തവണ ഇതിന്റെ പകുതി മാത്രമെ എത്തിയിട്ടുളളുവെന്നാണ് സൊസൈറ്റി ഭാരവാഹികൾ പറയുന്നത്.പ്രളയത്തിന് മുമ്പ് ചെറു തേനിന് കിലോയ്ക്ക് രണ്ടായിരം രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ അഞ്ഞൂറ് രൂപ വർദ്ധിച്ചു. വൻ തേനിനും വില വർദ്ധിച്ചിട്ടുണ്ട്. കിലോയ്ക്ക് നാനൂറ് രൂപ ഉണ്ടായിരുന്ന പുറ്റ് തേൻ അമ്പത് രൂപ കൂട്ടിയാണ് വിൽക്കുന്നത്.
തേൻ കിട്ടാതായതോടെ വ്യാജ തേനുകളും വിപണിയിൽ ഇറങ്ങുന്നുണ്ട്.ശർക്കരയും മറ്റും ഉപയോഗിച്ചുളള തേനുകളും മാർക്കറ്റിൽ എത്തുന്നുണ്ട്.
പൊതുവെ ചെറുതേനിനാണ് വൻ ഡിമാന്റ്. ഇത് കിട്ടാനും ബുദ്ധിമുട്ടാണ്.തേൻ ക്ഷാമം രൂക്ഷമായതോടെ ഇതിനെ ആശ്രയിച്ച് മാത്രം കഴിയുന്ന തേൻ കുറുമർ ഉൾപ്പെടെയുളളവരുടെ ജീവിതമാർഗ്ഗവും വഴിമുട്ടി.