വടകര: പീഡന പരാതിയിൽ കുറ്റക്കാരനെന്ന് കണ്ട് സി പി എം നടപടിയെടുത്ത പി കെ ശശി എം എൽ എ ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആർ എം പി ഐ നേതാവ് കെ.കെ രമ ആവശ്യപ്പെട്ടു. പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി അന്വേഷണത്തിൽ വ്യക്തമായിരിക്കുകയാണ്. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രിമിനൽ കേസുകൾ പോലും പാർട്ടി അന്വേഷിച്ച് നടപടിയെടുക്കുന്നത് നിയമത്തോടുള്ള വെല്ലുവിളിയാണ്. സ്ത്രീകൾക്കെതിരെ വാക്കുകൊണ്ടും നോക്കു കൊണ്ടും നടത്തുന്ന അവഹേളനങ്ങൾ പോലും സ്ത്രീപീഡനത്തിൽ വരുമെന്നിരിക്കെ ശശി ചെയ്തത് വാക്കുകൾ കൊണ്ടുള്ള അവഹേളനം മാത്രമാണെന്ന് ലഘൂകരിച്ച സി പി എം കടുത്ത സ്ത്രീവിരുദ്ധതയാണ് നടത്തിയത്. ഇത് നിയമത്തോടുള്ള വെല്ലുവിളിയാണ്. ശശിക്കെതിരെ കേസെടുക്കാനുള്ള ആർജവം ആഭ്യന്തര മന്ത്രി കാണിക്കണമെന്നും രമ പ്രസ്താവനയിൽ പറഞ്ഞു.