കൽപറ്റ: പ്രായമാവുമ്പോൾ മറ്റുള്ളവരെപ്പോലെ കിതച്ചും ചുമച്ചും അസുഖങ്ങളോട് പൊരുതിയും വീട്ടിലിരിക്കാൻ തയ്യാറല്ല 66 വയസ്സു പിന്നിട്ട ചെന്നലോട് വലിയനിരപ്പിൽ മാത്യു. വെറ്ററൻസ് മാരത്തൺ മത്സരങ്ങളിൽ മെഡൽവേട്ട നടത്തുകയാണ് മാത്യു. എറ്റവും ഒടുവിൽ നവംബർ 25നു ഹൈദരാബാദിൽ നടന്ന വേൾഡ് 10 കിലോമീറ്റർ മാരത്തണിൽ സൂപ്പർ വെറ്ററൺ കാറ്റഗറിയിൽ മാത്യു സ്വർണം നേടി.
കഴിഞ്ഞ ഒരു വർഷത്തിനിടെ വെറ്ററൻ മാരത്തൺ, മാസ്റ്റേഴ്സ് അത്‌ലറ്റിക് ഇനങ്ങളിൽ 19 മത്സരങ്ങളിലാണ് മാത്യു പങ്കെടുത്തത്. ഇതിൽ ഹൈദരാബാദിലേതിനു പുറമേ കൊലാപ്പൂർ മാരത്തൺ (21 കിലോമീറ്റർ), ഗോവ മാരത്തൺ (10 കിലോമീറ്റർ), കൊച്ചി പെരുമ്പാവൂർ മാരത്തൺ (21 കിലോമീറ്റർ) എന്നിവയിൽ ഒന്നാമനായി. ഡൽഹി മാരത്തണിൽ (21 കിലോമീറ്റർ) വെങ്കലം നേടിയ ഇദ്ദേഹം ബംഗളൂരു മാരത്തണിൽ (21 കിലോമീറ്റർ) ഏഴാമനായും ഫിനിഷ് ചെയ്തു.
ഡിസംബർ ഒമ്പതിനുള്ള പൂനെ മാരത്തൺ (21 കിലോമീറ്റർ), ജനുവരിയിലെ മുംബൈ മാരത്തൺ (21 കിലോമീറ്റർ) എന്നിവയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
കോട്ടയം ജില്ലയിലെ പാലായിൽനിന്നു വയനാട്ടിൽ കുടിയേറിയതാണ് വലിയനിരപ്പിൽ കുടുംബം. ചെന്നലോട് വലിയനിരപ്പിൽ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് മാത്യു. 21ാം വയസിൽ കരസേനയിൽ ചേർന്ന മാത്യു 2008ൽ മദ്രാസ് എൻജിനീയേഴ്സ് റെജിമെന്റിൽനിന്ന് സുബേദാറായി വിരമിച്ചു. കൃഷിയും വീട്ടുകാര്യങ്ങളുമായി കഴിയുമ്പോഴാണ് കായികരംഗത്തേക്കു ആകർഷിക്കപ്പെടുന്നത്.
ബോഡി ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച മാത്യു 2013, 2014, 2015 വർഷങ്ങളിൽ മാസ്റ്റർ മിസ്റ്റർ വയനാടായി. പിന്നീടാണ് ദീർഘദൂര ഓട്ടക്കാരനായത്.
വിദ്യാർഥിയായിരിക്കുമ്പോൾ മാത്യുവിന് സ്‌പോർട്സിൽ വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പട്ടാളത്തിലായിരുന്നപ്പോൾ റെജിമെന്റ് തലത്തിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഈ അനുഭവമാണ് രണ്ടു വർഷം മുമ്പ് ദീർഘദൂര ഓട്ടക്കാരനാകുന്നതിൽ പ്രചോദനമായത്.
പരിശീലനം തുടങ്ങിയപ്പോൾ മാത്യു ജീവിതക്രമത്തിലും കാര്യമായ മാറ്റം വരുത്തി. അരിയാഹാരം കുറച്ചു. കാപ്പിയും ചായയും ഒഴിവാക്കി. പഴങ്ങളും വെള്ളവും കൂടുതൽ കഴിച്ചു. മാസങ്ങൾ കഴിഞ്ഞപ്പോൾ ശരീരഭാരം 18 കിലോഗ്രാം കുറഞ്ഞു. തുടർന്നാണ് മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്.
ആഴ്ചയിൽ രണ്ടു ദിവസമാണ് മാത്യുവിന്റെ പരിശീലനം. വീട്ടിൽനിന്ന് ചെന്നലോട്, പടിഞ്ഞാറത്തറ, തരുവണ വഴി ദ്വാരകയിലേക്കും തിരിച്ചുമാണ് പരിശീലന ഓട്ടം. ചിലപ്പോൾ റൂട്ട് മാറ്റും. ഭാര്യ എത്സമ്മയും ഷെറിൻ, സ്വപ്ന, സിജോ എന്നീ മക്കളും അടങ്ങുന്ന കുടുംബവും മാത്യുവിന്റെ കായിക പ്രേമത്തിന് കൂട്ടായുണ്ട്.