കുറ്റ്യാടി: നാഷണൽ ആയുഷ് മിഷനും കേരള സർക്കാർ ആയുഷ് വകുപ്പും ചേർന്ന് പതിനാല് ജില്ലകളിലായി ആയുർവേദ ജീവിതരീതി പ്രചരിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിൽ കുന്നുമ്മൽ, വേളം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുകോങ്കര, നരിപ്പറ്റ എന്നീ ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. പദ്ധതിയിലൂടെ ആയുർവേദം ജീവിതരീതി, ആഹാരരീതി, യോഗാ പരിശീലനം, ഔഷധസസ്യ പ്രചാരണവും സംരക്ഷണവും ജൈവ പച്ചക്കറി കൃഷി വ്യാപനം എന്നിവയിലധിഷ്ഠിതമായി ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ പ്രചാരണവും സമഗ്രമായ ആരോഗ്യം എന്ന ലക്ഷ്യമുമാണ് ഉദ്ദേശിക്കുന്നത്. ആയുഷ് ഗ്രാമ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ രണ്ടിന് രാവിലെ 9ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ വച്ച് ഇ കെ.വിജയൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ, മറ്റും പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് കുറ്റ്യാടിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.കെ.സജിത്ത്, ഡോക്ടർ സുഗേഷ് കുമാർ.ജി.എസ് (ഡി.പി.എം) ഡോക്ടർ മൻസൂർ (ജില്ല മെഡിക്കൽ ഓഫീസർ ഐ.എസ്.എം) എന്നിവർ പറഞ്ഞു.