പേരാമ്പ്ര : ഗ്രാമമേഖലകളിൽ സർവ്വീസ് നടത്തുന്ന ബസുകളിൽ മോഷണം പതിവാകുന്നു. സ്ത്രീകളുടെ മൊബൈലും ആഭരണങ്ങളുമാണ് യാത്രയിൽ നഷ്ടമാവുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പേരാമ്പ്രയിൽ നിന്ന് ചാനിയംകടവ് വടകരക്ക് പോവുന്ന ബസിൽ നിന്നും യാത്രക്കാരുടെ മൊബൈൽ, പേഴ്‌സ്, എ.ടി.എംകാർഡ് എന്നിവ മോഷണം പോയിരുന്നു. കീഴ്പയ്യൂർ സ്വദേശിനി തട്ടാറമ്പത്ത് ഗീതയുടെ മൊബൈലും തോടന്നുർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി അനുശ്രീയുടെ എ.ടി.എം കാർഡുൾപ്പെടുന്ന പേഴ്‌സുമാണ് നഷ്ടപ്പെട്ടത്. അനുശ്രീയുടെ പേഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞതോടെ തന്റെ ബാഗ് പരിശോധിച്ച ഗീതക്ക് മൊബൈൽ നഷ്ടപ്പെട്ടതായി മനസ്സിലായി. ബസ് ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് ഉടൻ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തി. ഈ റൂട്ടിൽ റോഡ് നവീകരണം നടക്കുന്നതിനാൽ ബസുകൾ കുറവാണ്. ബസ് നിറയെ യാത്രക്കാരുള്ളതുകൊണ്ട് രാത്രി എട്ടു മണിയായിട്ടും പരിശോധന പൂർത്തിയായില്ല.. തോടന്നൂർ, തിരുവള്ളൂർ, ചാനിയം കടവ്, മുയി പ്പോത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തേണ്ട യാത്രക്കാർ ഇതുമൂലം വലഞ്ഞു. പലരും നാട്ടിൽ നിന്ന് വരുത്തിയ സ്വകാര്യ വാഹനങ്ങളിലാണ് വീടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം കുറ്റ്യാടി-കോഴികോട് റൂട്ടിൽ മാല മോഷണം നടത്തുന്നതിനിടെ തമിഴ്‌നാട് സ്വദേശിനിയെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയുടെ സ്മാർട്ട് ഫോൺ പേരാമ്പ്ര ബസിൽ കയറുന്നതിനിടെ മോഷണം പോയിരുന്നു. പാലേരിയിലെ യാത്രക്കാരിയുടെ മാലയും കഴിഞ്ഞ ദിവസം ബസിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.


.