കോഴിക്കോട്: ശങ്കേഴ്സ് ഇൻസ്റ്റിറ്റൂട്ട് ഒഫ് ഡ്രോയിംഗ് ആൻഡ് പെയിന്റിംഗിന്റെ നേതൃത്വത്തിൽ 24 ന് ആർട്ട് ഗാലറിയിൽ ആരംഭിച്ച അക്വാ കളർ സ്റ്റുഡന്റ്സ് പെയിന്റിംഗ് എക്സ്പ്പോ 2018 ഇന്ന് സമാപിക്കും. ഏഴ് വയസ് മുതലുള്ള എട്ട് പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഓയിൽ പെയിൻറിലും വാട്ടർ കളറിലും തീർത്ത ചിത്രങ്ങൾ ഗ്രാമീണതയേയും, തിരക്കേറിയ പട്ടണ ജീവിതത്തേയും, പ്രകൃതി ഭംഗിയേയുമൊക്കെ വരച്ചുകാട്ടുന്നു. മുഹമ്മദ് ഷാൻ, അക്ഷർ വിനായക്, മെൽവീന മനോജ്, മെറീസ എന്നീ നാല് പ്രതിഭകളാണ് പ്രദർശനത്തിൽ തിളങ്ങിയത്. മഹീജ മോഹൻ, ജയകൃഷ്ണൻ, അനിത, മൗഷുമി എന്നിവരുടെ ചിത്രങ്ങളുമുണ്ട്. " സർ തരുന്ന ചിത്രങ്ങൾ സ്വന്തം ആശയങ്ങളനുസരിച്ച് വാട്ടർ കളറുപയോഗിച്ച് വരയ്ക്കാറാണ് പതിവ്". മൂന്ന് വർഷമായി ചിത്രകലയുടെ ലോകത്ത് തിളങ്ങുന്ന മുഹമ്മദ് ഷാൻ എന്ന രണ്ടാം ക്ലാസുകാരൻ പറഞ്ഞു. ആർട്ടിസ്റ്റ് മദനനാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.