പ്ളാസ്റ്റിക് മാലിന്യം നിറയുന്നു
കൽപ്പറ്റ: പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ട ഡി.ടി.പി.സി ഏറ്റെടുക്കണമെന്ന് കുറുമ്പാലക്കോട്ട സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കോട്ടത്തറ, പനമരം ഗ്രാമ പഞ്ചായത്തുകളിൽപ്പെട്ട ഇൗ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് നൂറ് കണക്കിന് സന്ദർശകരാണ് ദിവസവും എത്തുന്നത്. അവധി ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാറുണ്ട്.
യാതൊരു നിയന്ത്രണവും ഇല്ലാതെ ടൂറിസ്റ്റുകൾ എത്തുന്നതോടെ കുറുമ്പാലക്കോട്ടയും പരിസരവും പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുകയാണ്. മലയും പരിസരവും പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്ന സ്ഥിതിയാണ്. ചിലർ കൂട്ടമായെത്തി മലയിൽ ടെന്റുകൾ കെട്ടി താമസിക്കാറുമുണ്ട്.
മലയിൽ നിന്നുളള സ്വാഭാവിക നീരുറവകൾ മലിനമായിക്കൊണ്ടിരിക്കുന്നു.പ്രദേശവാസികളുടെ കുടിവെളളത്തെപ്പോലും ഇത് ബാധിക്കുകയാണ്.മലയിലെ സ്വാഭാവിക ചെടികളും നശിക്കുന്നു. ഇത് മണ്ണൊലിപ്പിനെ പ്രതികൂലമായി ബാധിക്കും.
സഞ്ചാരികളുടെ വരവ് നിയന്ത്രിക്കാൻ ഇൗ കേന്ദ്രം ഡി.ടി.പി.സി ഏറ്റെടുക്കുകയും പരിസ്ഥിതിക്ക് ഇണങ്ങുന്ന ടൂറിസ്റ്റ് കേന്ദ്രമായി ഇതിനെ മാറ്റിയെടുക്കുകയും വേണം.
വാർത്താസമ്മേളനത്തിൽ സംരക്ഷണ സമിതി ചെയർമാൻ കെ.പി. മോഹനൻ, കൺവീനർ ഷിജു മരുതാനിക്കൽ, സി.എസ്.രാജു, ഷൈൻ, സി.എം.ജോർജ്ജ്, പി. എ. ജോസഫ് എന്നിവർ പങ്കെടുത്തു.