pazhassi
മാനന്തവാടിയിലെ പഴശ്ശികുടീരം

മാനന്തവാടി: വീര കേരള വർമ്മ പഴശ്ശിരാജാവിന്റെ ഇരുനൂറ്റി പതിമൂന്നാമത്തെ രക്തസാക്ഷിത്വ ദിനമാണിന്ന്.വർഷങ്ങൾ പിന്നിട്ടിട്ടും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല.ബ്രിട്ടീഷുകാർ പഴശ്ശിരാജാവിവനോട് കാണിച്ച ആദരവ് പോലും പിന്നീട് അധികാരത്തിൽ വന്ന സർക്കാരുകൾ ഇൗ ചരിത്ര പുരുഷനോട് കാണിച്ചില്ലെന്ന പരാതിയുമുണ്ട്. ശത്രുവായിരുന്നെങ്കിലും അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ടി.എച്ച്.ബാബറുടെ മഞ്ചത്തിലാണ് പഴശ്ശിരാജാവിന്റെ ചേതനയറ്റ ശരീരം പുൽപ്പളളിയിലെ മാവിലാംതോട്ടിൽ നിന്ന് മാനന്തവാടിയിൽ എത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിച്ചത്.

കേരളത്തിലെ ആദ്യ ജനകീയ സ്വാതന്ത്ര്യ സമരം നയിച്ചത് പഴശ്ശിയായിരുന്നു.കമ്പനിക്കെതിരെ ഒമ്പത് വർഷക്കാലം ഗറില്ലാ മോഡൽ സമരം നയിച്ച പഴശ്ശിപ്പടയിൽ ആദിവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു. 1800ലാണ് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ കലാപം ആരംഭിച്ചത്. ടിപ്പു സുൽത്താൻ വിട്ടുകൊടുക്കാത്ത വയനാട്ടിൽ നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതാണ് രണ്ടാം പഴശ്ശി കലാപത്തിന്റെ അടിയന്തര കാരണം. വയനാടൻ കാടുകളിൽനിന്ന് പഴശ്ശിക്ക് ആദിവാസികളായ കുറിച്യ രുടേയും കുറുമ്പരുടെയും സഹായം വേണ്ടുവോളം ലഭിച്ചു. ടിപ്പുവിന്റെ പതനത്തോടെ സ്വതന്ത്രമായ വയനാട് തനിക്ക് അവകാശപ്പെട്ടതാണെന്ന് പഴശ്ശി പ്രഖ്യാപിച്ചു. 1805 നവംബർ 29 ന് രാത്രി ഒറ്റുകാരിൽ നിന്ന് വിവരം ലഭിച്ചെത്തിയ കമ്പനി സൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകനെയും അക്രമിച്ചു. നവംബർ 30ന് പ്രഭാതത്തിൽ ബ്രിട്ടീഷുകാരുടെ വെടിയേറ്റാണ് പഴശ്ശിയുടെ വീര മൃത്യു. 1793 ൽ ആരംഭിച്ച പഴശ്ശി വിപ്ലവം 1805 ലാണ് പൂർണമായും അവസാനിക്കുന്നത്.

കല്ലുകൾ മാത്രമുളള പനമരം കോട്ട
പഴശ്ശിയുടെ സമര സാനിദ്ധ്യം കൊണ്ട് ചരിത്ര പ്രാധാന്യമർഹിക്കുന്നതാണ് പനമരം കോട്ട. കോട്ട ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നു പിടിച്ചെടുത്തത് പഴശ്ശിയുടെ വലിയ വിജയമായിരുന്നു. മാനന്തവാടിക്കടുത്ത് പനമരം പുഴയുടെ തീരത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ന് കോട്ടയുടെ അവശേഷിപ്പായി കല്ലുകൾ മാത്രമേ ഉള്ളൂ. തലക്കൽ ചന്തുവും എടച്ചേന കുങ്കൻ നായരും 175 വില്ലാളികളും 1802 ഒക്ടോബർ 11 ന് ബ്രിട്ടീഷുകാരുടെ ബോംബെ കാലാൾപ്പട നിയന്ത്രിച്ചിരുന്ന പനമരം കോട്ട പിടിച്ചെടുക്കുകയായിരുന്നു. ക്യാപ്ടൻ ഡിക്കിൻസണും ലെഫ്റ്റനന്റ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെട്ടു. തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15 ന് ചന്തുവിനെ പിടികൂടി വധിച്ചു.

അവഗണനയിൽ പഴശ്ശികുടീരവും മ്യൂസിയവും

മാനന്തവാടിയിലെ പഴശ്ശികുടീരം അവഗണനയിലാണ്. ഈ കുടീരം സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 1996 മാർച്ചിലാണ് ഒരു മ്യൂസിയമായി ഇത് മാറ്റിയത്. വിപുലമായ പുരാവസ്തു ശേഖരത്തോടുകൂടി പുതിയ ഒരു മ്യൂസിയം ഇവിടെ 2008ൽ ഉദ്ഘാടനം ചെയ്തു. പഴശ്ശികുടീരം മ്യൂസിയത്തിൽ പഴശ്ശി ഗ്യാലറി, ട്രൈബൽ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നീ നാല് ഗ്യട്ടലറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. പഴശ്ശി കലാപം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ പുറപ്പെടുവിച്ച ഉത്തരവുകളുടേയും കത്തിടപാടുകളുടേയും പകർപ്പുകൾ, പുരാതന ആയുധങ്ങൾ, വീരക്കല്ലുകൾ, പ്രാചീന ഗോത്ര സംസ്‌കൃതിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങൾ, വനവാസികളുടെ ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ, അപൂർവ്വ നാണയങ്ങൾ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.

മാവിലാംതോടും അവഗണയിൽ

പഴശ്ശിരാജാവ് വെടിയേറ്റ് വീണ് മാവിലാംതോട്ടിൽ പേരിനൊരു ശിൽപ്പവും മറ്റുമുണ്ട്. പുഷ്പാർച്ചന, സെമിനാർ എന്നിവ വർഷത്തിലൊരിക്കൽ ഇവിടെ നടക്കും.