സുൽത്താൻ ബത്തേരി: കോളിയാടി പാലക്കുനി പാടശേഖരത്തിൽ കാട്ടു പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നൂറ്റി പത്ത് ഏക്കർ വരുന്ന നെൽപ്പാടത്ത് പകുതിയിലേറെ വയലുകൾ വന്യജീവിശല്ല്യം രൂക്ഷമായതോടെ തരിശിട്ടിരിക്കുകയാണ്. അവശേഷിക്കുന്ന നെൽകൃഷി ഇക്കുറി ഉണ്ടായ അതിവർഷത്തെ അതിജീവിച്ചുവെങ്കിലും വിളവെടുപ്പിന് സമയമായപ്പോഴേക്കും വന്യജീവികളുടെ വിളയാട്ടം മൂലം പാഴ് വേലയായി മാറുകയാണെന്ന് കർഷകർ ആവലാതിപ്പെടുന്നു.

ഈ പാടശേഖരത്തിലെ കർഷകനായ എം.ടി പത്മനാഭന് ഒരേക്കറോളം കൊയ്ത്തിന് പാകമായ കൃഷിയാണ് നശിച്ചത്. ഗന്ധകശാലഅടക്കമുളള തനത് നെൽവിത്തുകൾ തന്നെ കൈമോശം വരാതെ കൃഷിയിലൂടെ കാത്ത് സൂക്ഷിക്കുന്ന ഇവിടത്തെ കർഷകർക്ക് ശാന്തമായി ഉറങ്ങാൻ പോലും പറ്റാത്ത വിധം വന്യജീവിശല്ല്യം രൂക്ഷമാവുകയാണ്. തങ്കമല എസ്റ്റേറ്റും വന ഭൂമിയാലും ചുറ്റപ്പെട്ട ഈ പ്രദേശത്ത് എല്ലാത്തരം കൃഷിയും അസാധ്യമാവുകയാണെന്നും ഇവർ പറയുന്നു.

ഉണ്ടായിരുന്ന അടയ്ക്കയും നേന്ത്ര വാഴകൃഷിയുമെല്ലാം മഴക്കെടുതിയിൽ തകർന്നതോടെ പട്ടിണി കൂടാതെ കഴിഞ്ഞ് കൂടാനുണ്ടായിരുന്ന നെൽകൃഷിയും വിളവെടുക്കാനാവാതെ നിസ്സഹായതയോടെ നോക്കി നിൽക്കുകയാണ് കർഷകർ.