പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്കിലെ പാലേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് ചരിത്ര വിജയം .
എൽ.ഡി.എഫ് സ്ഥാർത്ഥി കിഴക്കയിൽ ബാലൻ 1192 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയക്കൊടി പാറിച്ചു .കിഴക്കയിൽ ബാലൻ 4116ഉം യു.ഡി.എഫ് സ്ഥാനാർത്ഥി അസീസ് ഫൈസി 2924 വോട്ടും നേടി. എൻ.ഡി.എ സ്ഥാനാർത്ഥി പ്രവീൺ പാലേരി 794 വോട്ടുകൾ നേടി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സി.കെ. കുഞ്ഞിമൊയ്തീന് 206 വോട്ട് ലഭിച്ചു. പാലേരി ഡിവിഷൻ മെമ്പറും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന പി.പി കൃഷ്ണാനന്ദന്റ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് .
ബി.ജെ.പി യേയും എസ്.ഡി.പി.ഐയേയും ഞെട്ടിച്ച് എൽ.ഡി.എഫ് വിജയക്കൊടി
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിൽ എൽ.ഡി.എഫ് ചരിത്ര വിജയം നേടിയപ്പോൾ തകർന്നടിഞ്ഞത് ബി.ജെ.പിയും എസ്.ഡി.പി.ഐയും. എൽ.ഡി.എഫിലെ കിഴക്കയിൽ ബാലൻ 1192 ന്റെ വൻ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ അസീസ് ഫൈസിയെ പരാജപ്പെടുത്തിയത്. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ട് വാർഡുകൾ ഉൾപ്പെടുന്നതാണ് പാലേരി ഡിവിഷൻ. ഇതിൽ മൂന്ന് വാർഡുകളിൽ വീതം എൽ.ഡി.എഫും യുഡിഎഫും പ്രതിനിധികളാണ്. രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടി മെമ്പർമാരുമാണുള്ളത്. വെൽഫെയർ പാർട്ടി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പിന്തുണ നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ 3598 വോട്ടുകൾ നേടിയ യു.ഡി.എഫിന് വോട്ടർമാർ വർധിച്ചിട്ടും 2924 വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .ബി.ജെ.പി കഴിഞ്ഞ തവണ 1137 വോട്ടാണ് നേടിയിരുന്നത്. ഇത്തവണ 794 വോട്ടിൽ ഒതുങ്ങി. എസ്.ഡി.പി.ഐ കഴിഞ്ഞതവണ നേടിയ 426 വോട്ടുകൾ 206 വോട്ടായി താഴ്ന്നു. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പിക്ക് വോട്ട് കുത്തനെ കുറഞ്ഞത് ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചു വോട്ടിലെ കുറവ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വൻചർച്ചയായി. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒപ്പം മാറി മാറി നിന്ന ഡിവിഷനിൽ എൽ.ഡി.എഫിന്റെ പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കിയ വിജയമാണ് ജനങ്ങൾ വോട്ടർമാർ സമ്മാനിച്ചത്. എൽ.ഡി.എഫിന്റെ ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ പേരാമ്പ്ര പട്ടണത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ്, കെ.കെ ഭാസ്‌കരൻ ,ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, പി.കെ. ബാലകൃഷ്ണൻ, കെ.വി. കുഞ്ഞിക്കണ്ണൻ, ഒ.ടി. ബഷീർ, ശ്രീനി മനത്താനത്ത്, കെ.ജി. രാമനാരായണൻ, വി.കെ. സുമതി, എൻ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മലയന്റെ കണ്ടി കാസിം, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.