പേരാമ്പ്ര : ബ്ലോക്ക് പഞ്ചായത്ത് ജനകീയ പിന്തുണയോടെ 'വിശപ്പകറ്റലാണ് വിശുദ്ധമായത്' എന്ന സന്ദേശത്തോടെ ആരംഭിക്കുന്ന
സൗജന്യ ഉച്ച ഭക്ഷണവിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി വാർത്താ സേമ്മളനത്തിൽ അറിയിച്ചു. പേരാമ്പ്ര താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സൗജന്യ ഉച്ച ഭക്ഷണം നൽകുന്നത്. സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതിന്റെ തുടർ പ്രവർത്തനത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി ചെയർമാനായും ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ എൻ.പി. കൃഷ്ണരാജ് കൺവീനറായും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന ട്രഷറർ ആയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സുനീഷ് കോഡിനേറ്റർ ആയും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സൗജന്യ ഉച്ച ഭക്ഷണവിതരണം ഉദ്ഘാടനത്തോടൊപ്പം ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഊട്ടു പുരയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസർ എൻ.പി. കൃഷ്ണരാജ്, വൈസ് പ്രസിഡന്റ് വി.കെ. സുനീഷ്, അംഗങ്ങളായ ഇ.പി. കാർത്ത്യായനി, കെ.കെ. മൂസ, പി.കെ. സതി തുടങ്ങിയവർ സംബന്ധിച്ചു.
പടം : ഇന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഊട്ടു പുര.