കോഴിക്കോട്: കുറിയ പാസുകളുടെ സൗന്ദര്യവും ലോംഗ് പാസുകളുടെ കൃത്യതയും ഏറ്റുമുട്ടിയ മത്സരത്തിൽ ഗോകുലം കേരള എഫ്.സി ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരയ ചർച്ചിൽ ബ്രദേഴ്സിനെ 1-1 സമനിലയിൽ തളച്ചു. പരുക്കൻ അടവുകളും ലോംഗ് പാസുകളുമായെത്തിയ ചർച്ചിലിനെതിരെ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോകുലത്തന്റെ വിജയം ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ഗോകുലത്തിന് വേണ്ടി അർജുൻ ജയരാജും ഗോവൻ കരുത്തർക്കായി ഡിയോൺ പ്ലാസയും വലകുലുക്കി.
അഞ്ചാം മിനിട്ടിൽ ഐ ലീഗിലെ ടോപ് സ്കോററായ ഡിയോൺ പ്ലാസയിലൂടെ ചർച്ചിലാണ് ആദ്യം ഗോൾ നേടിയത് . ഗോകുലത്തിന്റെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത് ഹാങ്ങ്ഷിംഗ് നൽകിയ പാസിൽ നിന്നാണ് പ്ലാസ ഗോൾ കണ്ടെത്തിയത്. ലീഗിൽ പ്ലാസയുടെ ആറാം ഗോളാണിത്.
36ാം മിനിട്ടിൽ അർജുൻ ജയരാജ് സമനില ഗോൾ കണ്ടെത്തി. ഗോളി ഷിബിൻരാജിൽ നിന്ന് തുടങ്ങിയ നീക്കമാണ് ഗോകുലത്തിന്റ സമനിലഗോളിൽ കലാശിച്ചത്. ഷിബിൻരാജ് പിടിച്ചെടുത്ത ബോൾ ക്രിസ്റ്റ്യൻ സബയ്ക്ക് കൈമാറി. സബ പന്തുമായി ചർച്ചിലിന്റെ ബോക്സിനടുത്തുവരെ മുന്നേറി മാർക്ക് ചെയ്യപ്പെടാതെ നിന്ന അർജുന് പാസ് നൽകി. ചർച്ചിൽ ഗോളി ജെയിംസ് കെയ്ത്താന് ഒരവസരവും നൽകാതെ അർജുന്റെ ക്ലിനിക്കൽ ഫിനിഷ്.
ചർച്ചിലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ലോംഗ് പാസുകളുമായി മുന്നേറിയ ചർച്ചിൽ നിരവധി തവണ ഗോളവസരം സൃഷ്ടിച്ചു. പതിയെ തിരിച്ചുവന്ന ഗോകുലം പിന്നീട് മേധാവിത്വം നേടി. കുറിയപാസുകളുമായി നിരന്തരം ചർച്ചിൽ ഗോൾമുഖം ആക്രമിക്കാൻ ഗോകുലത്തിനായി. സബയുടെയും അർജുന്റേയും ഒത്തിണക്കവും കാസ്ട്രേയും റാഷിദും നയിച്ച മദ്ധ്യനിരയും ഗോകുലത്തിന്റെ കളിയ്ക്ക് ഒഴുക്കേകി. വിങ്ങുകളിലൂടെ മുന്നേറിയ പ്രതിരോധ നിരതാരം അഭിഷേക് ദാസ് പലപ്പോഴും ചർച്ചിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഗോൾ വലകാത്ത ക്യാപ്ടൻ ഷിബിരാജ് മിന്നും സേവുകൾ നടത്തി കയ്യടി നേടി.
പ്ലാസയെ മുന്നിൽ നിറുത്തിയുള്ള ആക്രമണമായിരുന്നു ചർച്ചിലിന്റേത്. ഹാങ്ങ്ഷിംഗും ക്യാപ്ടൻ ദവ്ദ സീസെയും പ്ലസയ്ക്ക് നിരന്തരം പന്തെത്തിച്ചു നൽകി. ഗോകുലം കളിയുടെ നിയന്ത്രണം ഏറ്റെയുത്തതോടെ പരുക്കൻ അടവുകളുമായാണ് ചർച്ചിൽ അതിനെ നേരിട്ടത്. നാല് തവണയാണ് റഫ്‌റിയ്ക്ക് മഞ്ഞകാർഡ് ഉയർത്തേണ്ടി വന്നത്. അഞ്ച് ഗോളെന്നുറച്ച ഷോട്ടുകളാണ് ഗോകുലം ചർച്ചിൽ വലയിലേക്ക് തൊടുത്തത്. ഏഴ് കോർണറുകളും സ്വന്തമാക്കി. അർജുൻ ജയരാജാണ് കളിയിലെതാരം.
ഗോകുലം മൂന്നാം സ്ഥാനം നിലനിറുത്തി
ഇതോടെ ആറ് കളികളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം ഒമ്പത് പോയന്റുകളോടെ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള എഫ്.സി. ആറ് കളികളിൽ നിന്ന് പത്ത് പോയന്റുമായി ചർച്ചിൽ ബ്രദേഴ്സ് രണ്ടാംസ്ഥാനം നിലനിറുത്തി.