അയ്മനം: പൊള്ളുന്ന വെയിലും മഴയുമേറ്റ് അയ്മനം നിവാസികൾക്ക് ഇനിയും ബസ് കാത്തുനിൽക്കാം. അയ്‌മനം ജംഗ്‌ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുൻപ് പഞ്ചായത്ത് നൽകിയ കത്തിന് ദേവസ്വംബോർഡ് ഇതുവരെ മറുപടി നൽകിയിട്ടില്ല. ജംഗ്‌ഷനിൽ നിലവിലുള്ള സ്ഥലം ദേവസ്വം ബോർഡിന്റെയാണ്. ആവശ്യത്തിനുള്ള സ്ഥലം നൽകിയാൽ ആധുനിക നിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തയ്യാറാണെന്ന് അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ അറിയിച്ചു.
വർഷങ്ങളായി കടത്തിണ്ണകളെ ആശ്രയിച്ചാണ് പലരും ബസ് കയറുന്നത്. ഒളശ അന്ധവിദ്യാലയം, കുന്നേൽ സ്‌കൂൾ, സി.എം.എസ് സ്‌കൂൾ, പരിപ്പ് സ്‌കൂൾ, ഒളശ ഗവ.സ്‌കൂൾ, കൃഷിഭവൻ, ബി.എസ്.എൻ.ഓഫീസ്, അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകാൻ അയ്മനം ജംഗ്ഷനിലെത്തിച്ചേരണം. തിരിച്ച് കല്ലുമട, കുടയംപടി, വാരിശേരി,ചുങ്കം , കോട്ടയം ഭാഗത്തേക്ക് പോകാനും ഇവിടെയെത്തണം. ദിവസേന നൂറ് കണക്കിന് യാത്രക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നത്. അയ്മനം പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജംഗ്ഷനായതിനാൽ തിരക്കും കൂടുതലാണ്.മഴ പെയ്താൽ ഇവിടം വെള്ളത്തിലാകും. താത്കാലികമായെങ്കിലും ബസ് കാത്തിരിക്കാൻ പഞ്ചായത്ത് സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.