കോട്ടയം: ജലസേചനവും കുടിവെള്ളവും ലക്ഷ്യമിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് ആരംഭിച്ച റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം കരാറുകാരന്റെ കുടിശകയിൽ തട്ടി പാതിവഴിയിൽ നിലച്ചു. കോട്ടയം നഗരസഭയെയും വിജയപുരം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നട്ടാശേരിയിൽ മീനച്ചിലാറിന് കുറുകെ 2015 ലാണ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം ആരംഭിച്ചത്. കോട്ടയത്തെ പ്രധാന ജലസ്രോതസായ തിരുവഞ്ചൂർ പമ്പ് ഹൗസിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുക, വേനൽക്കാലത്തെ കുടിവെള്ളക്ഷാമം ഒഴിവാക്കാൻ ജലം സംഭരിക്കുക, കൃഷി ആവശ്യങ്ങൾക്കുള്ള വെള്ളം എത്തിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യു.ഡി.എഫ് സർക്കാരാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആറ് കോടി രൂപയും അനുവദിച്ചു. എന്നാൽ നിർമ്മാണം തുടങ്ങി ആറ് മാസം കഴിഞ്ഞപ്പോൾ ഭരണം മാറിയതോടെ കരാറുകാർക്ക് പണം കിട്ടാതായി. നാല് തൂണുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചിരിക്കുന്നത്. കരാറുകാരുടെ കുടിശിക തീർത്ത് ബ്രിഡ്‌ജിന്റെ നിർമ്മാണം പുന:രാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതി നടപ്പിലായാൽ കോട്ടയത്തെ വർഷങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
എളുപ്പ വഴി ഒരുങ്ങും
മീനച്ചിലാറിന് കുറുകെയുള്ള റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തിയായാൽ വടവാതൂർ, നട്ടാശേരി, ഇറഞ്ഞാൽ, വിജയപുരം, കളത്തിപ്പടി, മണർകാട് പ്രദേശത്തുള്ള നൂറ് കണക്കിനാളുകൾക്ക് കോട്ടയം മെഡിക്കൽ കോളേജ്, കുമാരനല്ലൂർ, ഏറ്റുമാനൂർ, അയ്മനം, കുടമാളൂർ എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനാകും. നിലവിൽ വടവാതൂർ, പുതുപ്പള്ളി, കളത്തിപ്പടി പ്രദേശത്തുള്ളവർ കോട്ടയം ടൗണോ, മോസ്‌കോ കവലയോ ചുറ്റിയാണ് പോകുന്നത്.
'' റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തികരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം പല തവണ റവന്യു മന്ത്രിയെ സന്ദർശിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് തവണ വിഷയം ചർച്ച ചെയ്യാൻ കോൺഫറൻസും വിളിച്ചു. രാഷ്‌ട്രീയ താത്‌പര്യത്തിന്റെ പേരിൽ മന:പൂർവം പദ്ധതി മരവിപ്പിച്ചതാണ്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ