കോട്ടയം: ജില്ലയിൽ എച്ച് വൺ എൻ വൺ പനിബാധിതരുടെ എണ്ണംകൂടുന്നു. ഇന്നലെ മാത്രം മൂന്നിടങ്ങളിൽ രോഗം കണ്ടെത്തിയപ്പോൾ ഈ മാസം ഇതുവരെ 9 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസത്തിന് വകനൽകുന്നു.
മുൻപ് വിദേശങ്ങളിൽ നിന്ന് വരുന്നവരിലാണ് രോഗം കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ വൈറസ് തദ്ദേശീയമായി വ്യാപിച്ചുകഴിഞ്ഞുവെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. ഗർഭിണികൾക്ക് പനി ബാധിച്ചാൽ അപകടകരമാണെന്നതിനാൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗത്തിന് ഫലപ്രദമായ ചികിത്സയും സൗജന്യ മരുന്നും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും. ജില്ലയിൽ ഈ വർഷം ഇതുവരെ 92 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രണ്ടാഴ്ചയായി എണ്ണം കൂടുകയാണ്.
മികച്ച ചികിൽസയ്ക്ക് നിർദേശം
രണ്ട് ദിവസമായി ആറ് പേർക്ക് രോഗം ബാധിച്ചു. അകലക്കുന്നം, നെടുങ്കുന്നം, വൈക്കം, കാഞ്ഞിരപ്പള്ളി, കരൂർ, കാണക്കാരി, കോട്ടയം നഗരസഭാ മേഖലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഗർഭിണികൾക്ക് പനിബാധ ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അടിയന്തര ചികിത്സ ലഭ്യമാക്കി. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന ,വിറയൽ തുടങ്ങിയ ലക്ഷണവുമായി എത്തുന്നവർക്ക് എത്രയും വേഗം മികച്ച ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഭീതിയില്ലെങ്കിലും കരുതൽ വേണം
'' ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ശ്വാസം മുട്ടലോ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറെ സമീപിക്കണം. ഗർഭിണികൾ, പ്രമേഹ രോഗികൾ, മറ്റ് ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർക്ക് ചികിത്സ വൈകരുത്''
- ഡോ.ജേക്കബ് വറുഗീസ്.
രോഗം സ്ഥിരീകരിച്ചത് 92 പേർക്ക്
2 ദിവസത്തിനുള്ളിൽ 6 പേർക്ക്